
കൊച്ചി: മലയാറ്റൂരിലെ 19 വയസുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായും പൊലീസ്. നേരത്തെ മുതലേ ശല്യം ചെയ്ത അലനെ പെൺകുട്ടി അകറ്റി നിര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സ്കൂള്‍ പഠന കാലത്തെ ചിത്രപ്രിയയെ അറിയാമായിരുന്നു അലന്. അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അലനെ പെണ്‍കുട്ടി അകറ്റി നിര്‍ത്തി. മികച്ച വോളിബോള്‍ കളിക്കാരിയായ ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്കൂളിലേക്ക് മാറി. അപ്പോഴും അലന്‍ പിന്തുടര്‍ന്നു. ഒടുവില്‍ ബെംഗളൂരുവില്‍ പഠനത്തിന് ചേര്‍ന്നപ്പോഴും അലന്‍ ഫോണ്‍ വിളി തുടര്‍ന്നു. ബ്ലേഡ് കൊണ്ട് കൈയില്‍ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു. ശല്യം സഹിക്ക വയ്യാതെ ചിത്രപ്രിയ താക്കീത് ചെയ്തതോടെ അലന്‍ പ്രകോപിതനായെന്ന് പൊലീസ് പറയുന്നു.
നാട്ടിലെത്തിയെ പെണ്‍കുട്ടിയെ എല്ലാം പറഞ്ഞു തീര്‍ക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശനിയാഴ്ച ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാര്‍ എതിര്‍ക്കുമെന്നതിനാല്‍ ആരോടും പറയാതെ ചിത്രപ്രിയ അലനൊപ്പം പോവുകയായികുന്നു. നക്ഷത്ര തടാകത്തിനടുത്ത് ഇരുവരും തര്‍ക്കിക്കുന്നതായി ചിലര്‍ കണ്ടെന്നും പൊലീസ് സൂചന നല്‍കി. അവിടെ നിന്നാണ് കൊല നടന്ന സെബിയൂര്‍ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയത്. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയായിരുന്നോ കൊലപാതകമെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ല.
കല്ലുകൊണ്ട് തലയ്ക്ക് പിന്നില്‍ ചെവിക്കരികില്‍ ഇടിക്കുകയായിരുന്നു. ശക്തമായി ഇടിയില്‍ പെണ്‍കുട്ടി ബോധമറ്റ് വീണതോടെ അലന്‍ ഓടി രക്ഷപ്പെട്ടു. ആ സമയം നാട് മുഴുവന്‍ ചിത്രപ്രിയക്കായുള്ള തെരച്ചിലായിരുന്നു. അലനെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും തനിക്ക് അറിയില്ലെന്ന് പറഞ്ഞതോടെ വിട്ടയച്ചു. ചൊവ്വാഴ്ച വൈകിട്ട് ചിത്രപ്രിയയുടെ മൃതദേഹം കണ്ടതോടെയാണ് വീണ്ടും അലനിലേക്ക് പൊലീസ് എത്തിയത്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലില്‍ താന്‍ കൊല്ലാന്‍ തന്നെയാണ് ചിത്രപ്രിയയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നതായി വ്യക്തമായി.
കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതായി ആലുവ റൂറൽ എസ്പി പറഞ്ഞു. മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച വാച്ചിലാണ് കുടുംബത്തിന് സംശയം. ആ വാച്ച് അലന്‍റെയോ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതോ അല്ല. റിമാന്‍ഡിലുള്ള അലനായി അടുത്ത ദിവസം തന്നെ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. തെളിവെടുപ്പും അന്ന് തന്നെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam