പാർട്ടി പ്രസിഡന്‍റും മുതിർന്ന വനിത നേതാവും തുറന്ന പോരിൽ, പരസ്യമായി ഏറ്റുമുട്ടൽ; ബിജെപിക്ക് തീരാ തലവേദന

By Web TeamFirst Published Mar 28, 2023, 8:33 AM IST
Highlights

വലിയൊരിടവേളക്ക് ശേഷമായിരുന്നു സുരേന്ദ്രനും ശോഭയും ഒരു വേദിയിലെത്തിയത്. തൃശൂരിൽ നടക്കാനിരിക്കുന്ന വനിതാ സംഗമത്തിന്‍റെ സ്വാഗതസംഘ രൂപീകരണ വേദിയിൽ ഏറെനാളായുള്ള ഭിന്നത പരസ്യമായി പുറത്തേക്ക് വന്നത് മാത്രമായിരുന്നു.

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാന ബിജെപിയിലെ ഭിന്നത വീണ്ടും മറനീക്കി പുറത്തേക്ക്. കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തൃശൂരിൽ കഴിഞ്ഞ ദിവസം നടത്തിയ പരസ്യ ഏറ്റുമുട്ടൽ പാർട്ടിയിൽ വരും നാളുകളിൽ ശക്തമാകുന്ന പോരിന്‍റെ തുടക്കമാണ്. ശോഭാ സുരേന്ദ്രനെ വേദിയിലിരുത്തിയുള്ള സുരേന്ദ്രന്‍റെ വിമർശനവും നയിച്ച സമരത്തിന്‍റെ കണക്ക് നിരത്തിയുള്ള ശോഭാ സുരേന്ദ്രൻറെ മറുപടിയും ആകസ്മികമായുണ്ടായതല്ല.

വലിയൊരിടവേളക്ക് ശേഷമായിരുന്നു സുരേന്ദ്രനും ശോഭയും ഒരു വേദിയിലെത്തിയത്. തൃശൂരിൽ നടക്കാനിരിക്കുന്ന വനിതാ സംഗമത്തിന്‍റെ സ്വാഗതസംഘ രൂപീകരണ വേദിയിൽ ഏറെനാളായുള്ള ഭിന്നത പരസ്യമായി പുറത്തേക്ക് വന്നത് മാത്രമായിരുന്നു. അടുത്തിടെ തൃശൂരിലെ അമിത് ഷായുടെ സമ്മേളന വേദിയിൽ പോലും വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന് ഇരിപ്പിടം നൽകിയിരുന്നില്ല. സുരേന്ദ്രൻ പ്രസിഡന്‍റായതിന് പിന്നാലെ കോർ കമ്മിറ്റിയിൽ നിന്ന് ശോഭയെ മാറ്റിയിരുന്നു.

അന്ന് മുതൽ തുടങ്ങിയതാണ് പോര്. പാർട്ടിയുമായി പലവട്ടം ഉടക്കി മാറി നിന്ന ശോഭ ഒടുവിൽ കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ ഇടയ്ക്ക് വീണ്ടും സജീവമായിരുന്നു. എന്നാൽ, പാർട്ടി പരിപാടികൾ സുരേന്ദ്രൻ നൽകുന്നില്ലെന്നാണ് ശോഭയുടെ തുടരുന്ന പരാതി. എന്നാൽ, ശോഭയ്ക്കാണ് നിസ്സഹകരണമെന്ന് നേതൃത്വം പറയുന്നു. ഏറെനാളായി ഭിന്നത വിട്ട് കൃഷ്ണദാസ് പക്ഷം സുരേന്ദ്രനൊപ്പം അനുനയ ലൈനിലാണ് നീങ്ങുന്നത്. എന്നാൽ തുടരുന്ന സുരേന്ദ്രൻ - ശോഭ തർക്കം പാർട്ടിക്ക് തലവേദന തന്നെയാണ്.

പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളെ ബിജെപിയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് തെരുവിൽ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകൾ പാർട്ടിയിലുണ്ടെന്നുള്ള പാര്‍ട്ടി പ്രസിഡന്‍റിന്‍റെ പരാമര്‍ശമാണ് ശോഭയെ ചൊടിപ്പിച്ചത്. പിന്നാലെ പ്രസംഗിച്ച ശോഭ,  ബിജെപിയിൽ സുരേന്ദ്രനോ ശോഭയോ എന്നത് വിഷയമേയല്ലെന്ന് വ്യക്തമാക്കി.  

ഒരുപാട് ആളുകളുടെ ത്യാഗം കൊണ്ട് ഉണ്ടാക്കിയ പാർട്ടിയാണ് ബിജെപി. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തയാളാണ് താൻ. ഒരൽപം വേദന സഹിച്ചിട്ടാണെങ്കിലും പാർട്ടി പ്രവർത്തകയായി മുന്നോട്ട് പോകുമെന്നും കസേരകിട്ടിയാലും ഇല്ലെങ്കിലും പ്രവർത്തിക്കുമെന്നും കൂടുതൽ വിഷമിപ്പിക്കരുതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.  

click me!