ആചാരങ്ങളില്‍ മാറ്റം വരണം, വിവാഹ ശേഷം വരന്‍ വധുവിന്റെ വീട്ടിലേക്കു വരട്ടെ: പികെ ശ്രീമതി ടീച്ചര്‍

Published : Jun 22, 2021, 04:04 PM ISTUpdated : Jun 22, 2021, 07:43 PM IST
ആചാരങ്ങളില്‍ മാറ്റം വരണം, വിവാഹ ശേഷം വരന്‍ വധുവിന്റെ വീട്ടിലേക്കു വരട്ടെ: പികെ ശ്രീമതി ടീച്ചര്‍

Synopsis

ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കാണ് പണം നല്‍കേണ്ടത്. ഇനി അതല്ലെങ്കില്‍ വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കട്ടെ. അപ്പോള്‍ പെണ്‍കുട്ടിക്കു മാനസിക സംഘര്‍ഷവുമുണ്ടാകില്ല.  പെണ്‍കുട്ടിയുടെ  ജീവന് സുരക്ഷിതത്വമുണ്ടാകുമെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.  

ചാരങ്ങളില്‍ മാറ്റം വരണമെന്നും വിവാഹ ശേഷം കണ്ണൂരിലെ മുസ്ലിം കുടുംബങ്ങളിലേതുപോലെ വരന്‍ വധുവിന്റെ വീട്ടിലേക്ക് വരട്ടെയെന്നും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതി ടീച്ചര്‍. കൊല്ലത്ത് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കാണ് പണം നല്‍കേണ്ടത്. ഇനി അതല്ലെങ്കില്‍ വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കട്ടെ. അപ്പോള്‍ പെണ്‍കുട്ടിക്കു മാനസിക സംഘര്‍ഷവുമുണ്ടാകില്ല.  പെണ്‍കുട്ടിയുടെ  ജീവന് സുരക്ഷിതത്വമുണ്ടാകുമെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി. 

പെണ്‍കുട്ടികളെ പച്ചക്ക് തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുതെന്നും അവര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളെ കുരുതികൊടുക്കുന്ന കാടത്തം അവസാനിപ്പിക്കണം. ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നത് വലിയ അപമാനമാണ് ഉണ്ടാക്കുന്നതെന്നും അവര്‍ കുറിച്ചു.

പികെ ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആചാരങ്ങളില്‍ മാറ്റം വരണം. വിവാഹം കഴിഞ്ഞാല്‍ വരന്‍ വധുവിന്റെ വീട്ടിലേക്കു വരട്ടെ.  ഞങ്ങളുടെ കണ്ണൂരില്‍ മുസ്ലീം കുടുംബങ്ങളിലെ ആചാരം പോലെ. കണ്ണില്‍ ചോരയില്ലാത്തവര്‍. കാട്ടുമ്യഗങ്ങള്‍ പോലും ലജ്ജിച്ച് തല താഴ്ത്തും.   പെണ്‍കുട്ടികളെ പച്ചക്കു തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുത്.  


ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ തികച്ചും നിസ്സഹായരായ പെണ്‍കുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂ. അപരിചിതമായ ഭര്‍ത്ത്ൃവീട്ടില്‍ പൊന്നും പണവുമായി പെണ്‍കുട്ടി എത്തി അവരോടൊപ്പം ജീവിതകാലം മുഴുവന്‍ ചിലവഴിക്കണം.  അവള്‍ ജോലി ചെയ്യ്ത് കിട്ടുന്ന വരുമാനവും അവിടെ തന്നെ ചിലവഴിക്കണം.  

പെണ്മക്കളെ വളര്‍ത്തി പഠിപ്പിച്ച്  ഒരു ജോലിയുമായാല്‍ വിവാഹം. വിദ്യാഭ്യാസം കുറവാണെങ്കിലും മനസാക്ഷിക്കുത്തില്ലാതെ പെണ്‍പണം ചോദിക്കുന്ന വരന്റെ മാതാപിതാക്കള്‍. നിവൃത്തിയില്ലാതെ കടം വാങ്ങി ആയാലും സ്ത്രീധനവും കൊടുത്ത് മകളുടെ നെഞ്ചുനിറയെ ആഭരണവും വാങ്ങിയിട്ട്  ദുരഭിമാനത്തോടെ ഞെളിഞ്ഞ് നില്‍ക്കുന്ന വധുവിന്റെ രക്ഷാകര്‍ത്താക്കള്‍.  ഒന്നോ രണ്ടോ പെണ്മക്കളുണ്ടെങ്കില്‍ വിവാഹത്തോടെ വീടും കുടിയും നഷ്ടപ്പെടുന്നവര്‍ കേരളത്തില്‍ എത്രയായിരം പേര്‍?  ഇങ്ങനെ ഭര്‍ത്തൃ വീട്ടില്‍ അയക്കപ്പെട്ട പല പെണ്‍കുട്ടികള്‍ക്കും നേരിടേണ്ടിവരുന്നതോ നിന്ദയും അതിക്രൂരമായ പീഢനവും.  ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് നമുക്ക് ചെറിയ അപമാനമല്ല ഉണ്ടാക്കി വെക്കുന്നത്. ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു ആണു പണം കൊടുക്കേണ്ടത്.    

ഇനി അതല്ലെങ്കില്‍ വിവാഹം കഴിഞ്ഞാല്‍ വരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നു താമസിക്കട്ടെ.   പെണ്‍കുട്ടിക്കു മാനസിക സംഘര്‍ഷവുമുണ്ടാകില്ല.  പെണ്‍കുട്ടിയുടെ ജീവനു സുരക്ഷിതത്വവുമുണ്ടാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി