പച്ചമാംസം കടിച്ചു പറിക്കുന്ന പോലെ വേദനിപ്പിച്ചു ആരോപണങ്ങള്‍, വീണ ഒരുപാട് സഹിച്ചു: മുഹമ്മദ് റിയാസ്

By Web TeamFirst Published May 19, 2021, 9:28 AM IST
Highlights

ഒരു സ്ത്രീയെ എങ്ങനെയൊക്കെ അക്രമിക്കാമോ അങ്ങനെയൊക്കെ എൻ്റെ ഭാര്യ വീണയെ അക്രമിച്ചു. അവർക്കെതിരെ അസംബന്ധങ്ങൾ പ്രചരിപ്പിച്ചു

കോഴിക്കോട്: നിരന്തരമുണ്ടായ അപവാദപ്രചാരണങ്ങളെക്കുറിച്ച് മനസ് തുറന്ന് നിയുക്തമന്ത്രിയും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റിയാസ് ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തേ കേരളം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ ആണ് വ്യക്തിപരമായും കുടുംബത്തിന് നേരെയും ഉണ്ടായ അപവാദ പ്രചാരണങ്ങളെക്കുറിച്ച് പറഞ്ഞത്. 

റിയാസിൻ്റെ വാക്കുകൾ - 

2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 13 കൊല്ലമായി സംഘടനാ രംഗത്ത് പ്രവർത്തിച്ചു വരികയാണ്. ഇപ്പോൾ വീണ്ടും പാർട്ടി പാർലമെൻ്ററി രംഗത്ത് പ്രവർത്തിക്കാൻ അവസരം തന്നിരിക്കുന്നു. ഈ സർക്കാരിൻ്റെ അധികാര തുടർച്ചയ്ക്കായി കഠിനമായി പ്രവർത്തിച്ച ലക്ഷക്കണക്കിന് സഖാക്കളുണ്ട്. അവർ ആഗ്രഹിക്കാത്ത ഒന്നും എന്നിൽ നിന്നും ഉണ്ടാവാതിരിക്കാനുള്ള ഇടപെടലാവും നടത്തുക. ജനങ്ങളെയാണ് എപ്പോഴും ഓർക്കേണ്ടത് അവർക്ക് ഇഷ്ടമില്ലാത്ത ഒന്നും ഉണ്ടാവരുതെന്നാണ്. ഈ പദവികളൊന്നും ശ്വാശതമല്ല. അധികാരം ഉള്ളപ്പോൾ നന്നായി പ്രവർത്തിച്ചു കാണിക്കണം എന്നു മാത്രമേ ചിന്തിക്കുന്നുള്ളൂ. 

താഴത്തട്ടിൽ എത്രത്തോളം ഇടപെടാൻ പറ്റുമോ അത്രത്തോളം നല്ലതാണ്. ഏത് പദവിയിൽ വന്നാലും ജനങ്ങൾക്ക് നമ്മളെ ബന്ധപ്പെടാൻ സാധിക്കണം. നാടിൻ്റെ വികസനത്തിന് എന്ത് ചെയ്യാൻ പറ്റുമെന്നതിൽ എല്ലാവരോടും അഭിപ്രായം ചോദിക്കണം. പ്രൊഫഷണലുകൾക്ക് മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്കും വികസനത്തെക്കുറിച്ച് കാഴ്ച്ചപ്പാടുണ്ട്. അധികാരങ്ങളിലേക്ക് കയറിപോകുമ്പോൾ ആളുകളിൽ പൊതുവേ അഹങ്കാരം ഉണ്ടാവാറുണ്ട്. അതില്ലാതിരിക്കാൻ സ്വന്തം മനസിനകത്ത് ഒരോദിവസവും പോരാട്ടം നടത്തുക. ഇന്നേ വരെയുള്ള ജീവിതത്തിൽ ഞാൻ അങ്ങനെയാണ് പ്രവർത്തിച്ചത് എന്നാണ് വിശ്വാസം. എനിക്ക് കാര്യമായ ഭരണപരിചയമില്ല. പക്ഷേ ഈ ഒരു കാര്യം എന്റെ മനസിലുണ്ട്. 

കുറേക്കാലമായി പലരീതിയിൽ പലവിമർശനങ്ങൾ ഞാൻ കേൾക്കുന്നുണ്ട്. അതിലേറേയും അസംബന്ധങ്ങളും അസത്യങ്ങളുമാണ്. എല്ലാ രീതിയിലുമുള്ള വ്യക്തിഹത്യകൾ കുറേക്കാലമായി നേരിടുകയാണ്. ഇതിലൊന്നും വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇതൊക്കെ കേൾക്കുമ്പോൾ മനസിന് വേദനയുണ്ടെങ്കിലും ഇതിനോടൊക്കെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. എന്ത് അംസബന്ധം പറയാനും ജനാധിപത്യത്തിൽ ഇടമുണ്ട്. അതൊക്കെ വിശ്വാസിക്കാതിരിക്കാൻ ജനങ്ങൾക്കും അവകാശമുണ്ട്.

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ എന്തൊക്കെ പ്രചരണങ്ങൾ എനിക്ക് നേരെയുണ്ടായി. പറഞ്ഞു പറഞ്ഞു പോയാൽ എന്തെല്ലാം കാര്യങ്ങൾ. ജീവനുള്ള മനുഷ്യൻ്റെ പച്ചമാംസം കടിച്ചു പറിക്കുമ്പോൾ വേദനിക്കുന്ന തരത്തിലാണ് എനിക്ക് നേരെ പ്രചാരണമുണ്ടായത്. പക്ഷേ ജനങ്ങൾക്ക് എല്ലാമറിയാം. നമ്മളൊക്കെ എന്ന് പൊതുപ്രവർത്തന രംഗത്ത് വന്നതാണ് എങ്ങനെ പ്രവർത്തിച്ചതാണ് എന്താണ് രാഷ്ട്രീയ ചരിത്രംഎന്നെല്ലാം ജനങ്ങൾക്കറിയാം. എല്ലാ ആരോപണങ്ങൾക്കും ജനം മെയ് രണ്ടിന് മറുപടി പറയട്ടെ എന്നാണ് ഞാൻ കരുതിയത്. 

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണിയപ്പോൾ 14000 ഉണ്ടായിരുന്ന ഭൂരിപക്ഷമാണ് 28000 ആയത്. 2011-ഓടെ ഒളവണ പഞ്ചായത്ത് ബേപ്പൂരിൽ നിന്നും പോയിരുന്നു. എൽഡിഎഫിന് ആറായിരം വോട്ടുകളുടെ ലീഡുള്ള മണ്ഡലമായിരുന്നു അത്. മണ്ഡലത്തിലെ രണ്ട് മുൻസിപ്പാലിറ്റികൾ യുഡിഎഫ് ഭരിക്കുകയാണ്. ലോക്സഭയിൽ 10,000 വോട്ടിൻ്റെ ലീഡാണ് ഇവിടെ യുഡിഎഫിന് കിട്ടിയത്. എല്ലാവരും പറയും പോലെ ഇടതുകോട്ടയായിരുന്നില്ല ബേപ്പൂർ, അങ്ങനെയൊരു മണ്ഡലമാണ് ഭൂരിപക്ഷം ഇരട്ടിയാക്കി എന്നെ ജയിപ്പിച്ചു വിട്ടത്. കടിച്ചാൽ പൊട്ടാത്ത ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു. നമ്മുടെ നിലപാടിനും പ്രവർത്തനത്തിനും നാടിനായി നടത്തിയ പ്രവർത്തനത്തിനും കൂടിയാണ് ജനം വോട്ടു ചെയ്യുന്നത്.  

വിവാഹത്തിന് ശേഷവും ഞാൻ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. എന്നാൽ വ്യക്തിപരമായി ഭരണതലത്തിൽ ഞാൻ ഇടപെട്ടിരുന്നുവെങ്കിൽ എന്തൊക്കെ വിവാദമുണ്ടാകുമെന്ന് നിങ്ങൾക്കറിയാം. എൻ്റെ പിതാവ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനാൽ തന്നെ കുട്ടിക്കാലം തൊട്ടെ ഉത്തരവാദിത്തമുള്ള ഒരു ജീവിതമാണ് ഞാൻ നയിച്ചു വന്നത്. 

വ്യക്തിപരമായി എനിക്ക് നേരെയുണ്ടാവുന്ന ആരോപണങ്ങൾ കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീയെ എങ്ങനെയൊക്കെ അക്രമിക്കാമോ അങ്ങനെയൊക്കെ എൻ്റെ ഭാര്യ വീണയെ അക്രമിച്ചു. അവർക്കെതിരെ അസംബന്ധങ്ങൾ പ്രചരിപ്പിച്ചു. വീണ പക്ഷേ മാതൃകപരമായിട്ടാണ് എല്ലാ കാര്യങ്ങളേയും സമീപിക്കുന്നത്. വളരെ പക്വതയോടെയാണ് വീണയുടെ സമീപനം. എല്ലാ ആരോപണങ്ങളേയും പൊട്ടിത്തെറിക്കാതേയും പൊട്ടിക്കരയാതേയുംനേരിടാൻ വീണയ്ക്ക് അറിയാം. എല്ലാ കാലം തെളിയിക്കും എന്ന് വീണയ്ക്ക് വിശ്വാസമുണ്ട്. അതു ശരിയാവുന്നുമുണ്ട്. എൻ്റെ രണ്ട് മക്കളും കൂട്ടുകാരെ പോലെ എനിക്കൊപ്പമുണ്ട്. അവരെൻ്റെ കൂടെയുണ്ടാവും. അല്ലെങ്കിൽ എല്ലാ ദിവസവും അവരെ വിളിക്കും. അങ്ങനെയുള്ള മക്കളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന തരത്തിൽ ആരോപണങ്ങൾ വന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!