നിയമലംഘകര്‍ ജാഗ്രത; സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന തുടങ്ങി

By Web TeamFirst Published Aug 5, 2019, 9:39 AM IST
Highlights

ഓരോ തീയതിയും ഓരോ തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം.

തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്‍റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പും പൊലീസും വിവിധ വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനവ്യാപകമായി നടത്തുന്ന വാഹനപരിശോധനയക്ക് തുടക്കം. ഓരോ തീയതിയും ഓരോ തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. ഇരുചക്രവാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെല്‍മറ്റും കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ടോ എന്നതടക്കം എല്ലാ നിയമലംഘനങ്ങള്‍ക്കും പിടി വീഴും.

സംസ്ഥാനത്തെ അപകട നിരക്കും അപകടമരണ നിരക്കും കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പ്രത്യേക പരിശോധന. ഏഴാം തീയതി വരെ സീറ്റ് ബെല്‍റ്റ്, എട്ട് മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിത വേഗത, 14 മുതല്‍ 16 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ലെയ്ന്‍ ട്രാഫിക്ക്, 17 മുതല്‍ 19 വരെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് പരിശോധിക്കുക.

20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗ്, റെഡ് സിംഗ്നല്‍ ജമ്പിങ്ങ്. 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ വാഹനങ്ങളിലെ എക്സ്ട്രാ ഫിറ്റിംഗ്, കൂളിംഗ് ഫിലിം എന്നിങ്ങനെ തരംതിരിച്ച് പരിശോധിക്കും. അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം.
 

click me!