കൊച്ചിയിലെ ഏറ്റവും മോശം റോഡുകള്‍ കോർപ്പറേഷന്‍റെ കീഴിലുള്ളതെന്ന് അമിക്കസ് ക്യൂറി

By Web TeamFirst Published Dec 20, 2019, 4:29 PM IST
Highlights

നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലാണ് കൊച്ചി നഗരസഭയ്ക്കെതിരെ വിമർശനം.

കൊച്ചി: കൊച്ചി നഗരത്തിൽ ഏറ്റവും മോശം അവസ്ഥയിലുള്ളത് കോർപ്പറേഷന്റെ കീഴിലുള്ള റോഡുകളെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന നൂറ്റിയൻപതിലധികം ചിത്രങ്ങൾ അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ചു.

നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലാണ് കൊച്ചി നഗരസഭയ്ക്കെതിരെ വിമർശനം. നഗരത്തിലെ ഏറ്റവും മോശം റോഡുകൾ നഗരസഭയ്ക്ക് കീഴിലുള്ളതാണെന്നും കാൽനടയാത്രക്കാരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. പലസ്ഥലങ്ങളിലും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. എന്നാൽ, അറ്റകുറ്റപ്പണി പൂർത്തിയായ ചിലയിടങ്ങളിൽ വീണ്ടും കുഴി രൂപപ്പെട്ടിട്ടുണ്ട്. ടാറിംഗിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 

ജില്ലാ കളക്ടറുടെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയിൽ വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനം നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് ജനുവരി പതിനഞ്ചിന് വീണ്ടും പരിഗണിക്കും.
 

click me!