
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ മൊബൈൽ ഷോപ്പ് ഉടമയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. നിലമ്പൂരിൽ നിന്നും കൊച്ചി വഴി തിരുവനന്തപുരത്ത് എത്തിയ ഇയാളുടെ സമ്പർക്കപ്പട്ടികയിൽ നൂറുകണക്കിന് ആളുകളുണ്ട്. നിലമ്പൂരിൽ നിന്നും കൊച്ചിയിൽ എത്തി അവിടെ രണ്ട് ദിവസം ചുറ്റിക്കറങ്ങിയ ശേഷമാണ് ഇയാൾ തിരുവനന്തപുരത്തേക്ക് വന്നത്.
കൊച്ചിയിലെ ഇടപ്പള്ളി, വടുതല, ബോൾഗാട്ടി, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലെല്ലാം ഇയാൾ പോയിട്ടുണ്ട്. കൊച്ചിയിൽ നിന്നും പിന്നീട് തിരുവനന്തപുരത്തേക്ക് വന്ന ഇയാൾ ഈഞ്ചക്കൽ, മണക്കാട്, ബീമാപള്ളി,ചാലാ മാർക്കറ്റ്, ഫോർട്ട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളും സന്ദർശിച്ചിട്ടുണ്ട്.
മെയ് 23 മുതൽ 31 വരെ ഇയാൾ നിലമ്പൂർ ചുങ്കത്തറയിലെ വീട്ടിലുണ്ടായിരുന്നു. ഒന്നാം തീയതി രാവിലെ മലപ്പുറത്ത് നിന്നും പുറപ്പെട്ട ഇയാൾ ഉച്ചയ്ക്ക് ഒരു മണിക്ക് ഇടപ്പള്ളിയിലെ ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ കടയിലെത്തി. അന്നും അടുത്ത ദിവസവും കൊച്ചിയിൽ പല വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ച ഇയാൾ വടുത്തലയിലെ വീട്ടിലാണ് താമസിച്ചത്.
മൂന്നാം തീയതി പകൽ റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് തിരിച്ച ഇയാൾ കൊല്ലത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വച്ചു ഇന്ധനം നിറയ്ക്കുകയും ടോയ്ലറ്റ് ഉപയോഗിക്കുകയും ചെയ്തു. പെട്രോൾ പമ്പിനെ വഴിയോരക്കച്ചവടക്കാരനിൽ നിന്നും ഇളനീർ വാങ്ങി കുടിച്ച് യാത്ര തുടർന്നു. അന്ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ ഇയാൾക്ക് 13-ാം തീയതിയാണ് രോഗലക്ഷണങ്ങൾ കാണിച്ചതും ചികിത്സ തേടിയതും ഇതിനിടെ ഫോർട്ട് പൊലീസ് സ്റ്റേഷനും ബീമാപള്ളിയുമടക്കം തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ സന്ദർശനം നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam