
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ പ്രവര്‍ത്തന ശൈലിയിൽ അതൃപ്തി വ്യക്തമാക്കി ആര്‍എസ്എസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വിചാരിച്ച നേട്ടമുണ്ടാക്കാത്തതിലും ആര്‍എസ്എസ് നേതൃത്വം ബിജെപി നേതാക്കളെ അതൃപ്തി അറിയിച്ചു. കൊച്ചിയിൽ ആര്‍എസ്എസ് വിളിച്ചു ചേര്‍ത്ത സംഘപരിവാര്‍ ഭാരവാഹികളുടെ യോഗത്തിലാണ് ബിജെപി നേതൃത്വത്തിനെതിരെ ആര്‍എസ്എസ് തുറന്നടിച്ചത്.
കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, ഒ രാജഗോപാല്‍ തുടങ്ങിയവര്‍ ആര്‍എസ്എസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് അവലോകനവും രാമക്ഷേത്ര നിര്‍മാണത്തിന്‍റെ ഫണ്ട് രൂപീകരണവുമായിരുന്നു പ്രധാന അജണ്ടകള്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ബിജെപി നേതൃത്വം യോഗത്തില്‍ വിശദീകരണം നല്കി.
തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ ആര്എസ്എസിന് കടുത്ത അതൃപ്തിയുണ്ട്. പ്രതീക്ഷിച്ച രീതിയില്‍ നേട്ടം ഉണ്ടാക്കാനായിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് ഇതിന് പ്രധാന കാരണം എന്നുമാണ് ആര്‍എസ്എസിൻ്റെ വിലയിരുത്തല്‍. ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്ന് നേരത്തെ ആര്‍എസ് എസ്, ബിജെപി നേതൃത്വത്തിന് താക്കീത് നല്‍കിയിരുന്നു.
കെ സുരേന്ദ്രന്‍റെ പ്രവര്‍ത്തനരീതിയിലും കടുത്ത അതൃപ്തിയാണ് ആര്‍എസ്എസ് പ്രകടിപ്പിച്ചത്. ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കളുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇടപെട്ട് പരിഹരിക്കേണ്ടതിന് പകരം പരസ്യ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ക്ക് ചൂട് പകരുകയാണ് നേതാക്കള്‍ ചെയ്തതെന്നും ആര്‍എസ്എസ് വിമര്‍ശനം ഉന്നയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam