
പാലക്കാട്: പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിതി (27) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ നാലംഗ സംഘമെന്ന് നിഗമനം. പ്രതികളെ കണ്ടെത്താൻ പൊലീസ് എട്ട് സംഘങ്ങളായി തിരഞ്ഞ് അന്വേഷണം തുടങ്ങി. പ്രദേശത്ത് എസ്ഡിപിഐ - ബിജെപി സംഘർഷം നിലനിന്നതിനാൽ രാഷ്ട്രീയ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം. മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
അതേസമയം കൊലപാതകത്തിൽ പങ്കില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പറഞ്ഞു. തങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണ്. കേസിൽ പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം ആവശ്യപ്പെട്ടു.
അതിനിടെ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് മരുതറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam