
തൃശ്ശൂർ: കുന്നംകുളം തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിൽ കൊല്ലപ്പെട്ട കേസിൽ 25 വർഷത്തിന് ശേഷം യഥാർത്ഥ പ്രതി പിടിയിൽ. ചാവക്കാട് സ്വദേശി മൊയ്‌നുദ്ദീനാണ് പിടിയിലായത്. തീവ്രവാദ സംഘടനയായ ജം ഇയ്യത്തുൽ ഇഹ്സാനിയയുടെ പ്രവർത്തകനാണ് മൊയ്‌നുദ്ദീൻ. കേസിൽ ഏഴ് സിപിഎം പ്രവർത്തകരെ നേരത്തെ പിടികൂടിയിരുന്നു. നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി പിന്നീട് ഈ ശിക്ഷ റദ്ദാക്കിയ ശേഷം പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
1994 ഡിസംബർ നാലിനാണ‌് സുനിലിനെ ഒരു സംഘം അക്രമികൾ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈ, അക്രമികള്‍ വെട്ടിമാറ്റിയിരുന്നു. ഡിവൈഎഫ‌്ഐ‐സിപിഎം പ്രവർത്തകരാണ‌് പ്രതികളെന്നാരോപിച്ച‌് ലോക്കൽ പൊലീസ‌് കേസെടുക്കുകയും തൃശ്ശൂർ ജില്ലാ സെഷൻസ‌് കോടതി നാല് പേരെ ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ‌്തിരുന്നു. എന്നാല്‍, കണ്ണൂർ ജയിലിൽ പ്രതികൾ ശിക്ഷ അനുഭവിച്ചു വരവെ, 2012 ല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ മറ്റു കേസുകളിലെ അന്വേഷണത്തിൽ സുനിൽ വധത്തിൽ തീവ്രവാദ സംഘടനയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
കേസിൽ യഥാർത്ഥ പ്രതികൾ അല്ല ശിക്ഷിക്കപ്പെട്ടതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നല്‍കുകയും, അന്വേഷണസംഘത്തിന്റെ റിപ്പോർട്ട‌് പരിശോധിച്ച കോടതി സുനിൽ വധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ‌്, റഫീഖ‌്, ഹരിദാസ് എന്നിവരെ കുറ്റവിമുക്തരാക്കി. കേസ‌് പരിഗണിച്ച ജസ‌്റ്റിസ‌് ദിനകർ, ശങ്കരനാരായണൻ എന്നിവർ അടങ്ങിയ ബെഞ്ച‌് ജം ഇയത്തുൽ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ട് കൊലപാതകങ്ങളും പുനരന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2017 ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസില്‍ ആദ്യ പ്രതിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ സൈദലവി അൻവരി, ചേകന്നൂർ കേസിലും പ്രതിയാണ്. ആകെയുള്ള എട്ട് പ്രതികളിൽ ഒരാൾ മരിച്ചു. കൂടുതൽ പേർ വിദേശത്തേക്ക് കടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. വരും ദിവസങ്ങളിൽ ഇവരിൽ ചിലർ കൂടി പിടിയിലാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam