ആര്‍ടിപിസിആര്‍ പരിശോധന കിറ്റുകൾക്ക് ക്ഷാമം; ഉടൻ വാങ്ങുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ

By Web TeamFirst Published Apr 28, 2021, 6:51 AM IST
Highlights

ദിവസവും ചെയ്യുന്ന പരിശോധനകളില്‍ ആര്‍ ടി പി സിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാനുള്ള നിര്‍ദേശം ഉള്ളതിനാൽ ഇത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമേ ഇത് തികയൂ. കൃത്യത കുറഞ്ഞ ആന്‍റിജൻ പരിശോധനയില്‍ ഫലം നെഗറ്റീവ് ആകാനുള്ള സാധ്യതയും കൂടുതലാണ്. 

തിരുവനനന്തപുരം: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകൾക്ക് ക്ഷാമം. കൂട്ടപ്പരിശോധന വന്നതോടെയാണ് മിക്ക ആശുപത്രികളിലും കിറ്റിന് ക്ഷാമം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ അറിയിച്ചു

രോഗ വ്യാപന തീവ്രത കൂടിയതോടെ പരിശോധനകളുടെ എണ്ണം സര്‍ക്കാര്‍ കകുത്തനെ കൂട്ടി. രണ്ട് ദിനം കൊണ്ട് മൂന്ന് ലക്ഷത്തിലധികം പേരെ വരെ പരിശോധിച്ചു. പലര്‍ക്കും ലക്ഷണങ്ങളില്ലാതിരുന്ന സാഹചര്യത്തില്‍ ഹൈ റിസ്ക് വിഭാഗത്തിലെ 70 ശതമാനം പേര്‍ക്കും ആര്‍ ടി പി സി ആര്‍ പരിശോധനയാണ് നടത്തിയത്. ഇതോടെയാണ് പിസിആര്‍ പരിശോധന കിറ്റുകളുടെ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. നിലവില്‍ ഒന്നരലക്ഷം കിറ്റുകള്‍ മാത്രമാണ് സ്റ്റോക്കുള്ളത്. 

ദിവസവും ചെയ്യുന്ന പരിശോധനകളില്‍ ആര്‍ ടി പി സിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാനുള്ള നിര്‍ദേശം ഉള്ളതിനാൽ ഇത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമേ ഇത് തികയൂ. കൃത്യത കുറഞ്ഞ ആന്‍റിജൻ പരിശോധനയില്‍ ഫലം നെഗറ്റീവ് ആകാനുള്ള സാധ്യതയും കൂടുതലാണ്. ലക്ഷണങ്ങളില്ലാത്തവരേയും വ്യാപകമായി പരിശോധിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഫലത്തിലുണ്ടാകുന്ന കൃത്യത കുറവ് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ആശുപത്രികളും ജില്ലയിലെ പരിശോധന കേന്ദ്രങ്ങളും.

ഈ സഹാചര്യത്തിൽ ജില്ലകൾ കിറ്റ് ക്ഷാമം സംസ്ഥാന തല അവലോകന യോഗത്തില്‍ അറിയിച്ചു. അതേസമയം കൂടുതല്‍ കിറ്റ് വാങ്ങാൻ നീക്കം തുടങ്ങിയെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പേറേഷന്‍റെ വിശദീകരണം. 8 ലക്ഷം പരിശോധന കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. 8 കന്പനികളില്‍ നിന്നായാണ് കിറ്റുകൾ വാങ്ങുക. ഒരു കിറ്റിന് 42 രൂപ മുതൽ 95 രൂപ വരെ നല്‍കിയാണ് അടിയന്തര ഘട്ടത്തിൽ കിറ്റുകള്‍ വാങ്ങുന്നതെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ പറയുന്നു

click me!