Rubber Bill 2020 : റബ്ബർ ബിൽ 2022: കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

By Web TeamFirst Published Jan 14, 2022, 1:42 PM IST
Highlights

കേന്ദ്ര സർക്കാരിന്റെ മേല്‍നോട്ടത്തില്‍ റബ്ബര്‍ ആക്ട് 1947 റബ്ബര്‍മേഖലയുടെ വികസനം സാധ്യമാക്കുന്നതിനായാണ് 1947 ഏപ്രില്‍ 18 ന് പ്രാബല്യത്തില്‍ വന്നത്

ദില്ലി: റബ്ബര്‍ മേഖലയ്ക്കായി നിർമ്മിച്ച 1947-ലെ റബ്ബര്‍ ആക്ട് റദ്ദാക്കി, റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022 എന്ന പേരില്‍ പുതിയ നിയമ നിര്‍മ്മാണത്തിനായി കേന്ദ്രം മുന്നോട്ട്. കരടു ബില്ലിന്റെ പകര്‍പ്പ്  വാണിജ്യ വകുപ്പിന്റെയും, (https://commerce.gov.in) റബ്ബര്‍ ബോര്‍ഡിന്റെയും (http://rubberboard.gov.in) വെബ് സൈറ്റുകളില്‍ ലഭ്യമാണ്. റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും പുതിയ നിയമം സംബന്ധിച്ച കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം 2022 ജനുവരി 21-ന് മുമ്പായി സെക്രട്ടറി, റബ്ബര്‍ബോര്‍ഡ്, സബ് ജയില്‍ റോഡ്, കോട്ടയം-686002 എന്ന വിലാസത്തിലോ,  secretary@rubberboard.org.in എന്ന  ഇ മെയിലോ അറിയിക്കാം.
 
കേന്ദ്ര സർക്കാരിന്റെ മേല്‍നോട്ടത്തില്‍ റബ്ബര്‍ ആക്ട് 1947 റബ്ബര്‍മേഖലയുടെ വികസനം സാധ്യമാക്കുന്നതിനായാണ് 1947 ഏപ്രില്‍ 18 ന് പ്രാബല്യത്തില്‍ വന്നത്. 1954, 1960, 1982, 1994, 2010 വര്‍ഷങ്ങളില്‍ ഈ നിയമത്തിന് ഭേദഗതികള്‍ വരുത്തിയിരുന്നു. നിയമ, വ്യാവസായിക-സാമ്പത്തികരംഗങ്ങളിലുണ്ടായ മാറ്റങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത, റബ്ബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പുതിയ നിയമ നിര്‍മ്മാണത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നത്. 

റബ്ബര്‍-റബ്ബർ അനുബന്ധമേഖലകളില്‍  അടുത്ത കാലത്തായി കാതലായ മാറ്റങ്ങളാണ് ഉണ്ടായത്. റബ്ബറുമായി ബന്ധപ്പെട്ട് കൃഷിയും വ്യവസായവുമടക്കം സമസ്ത മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ഓരോ മേഖലയ്ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും ഇന്ത്യന്‍ റബ്ബർ മേഖലയെ ആഗോള നിലവാരത്തിലെത്തിക്കുന്നതിനും കാലഹരണപ്പെട്ട പല നിയമങ്ങളും റദ്ദുചെയ്യുകയോ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടതുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ പക്ഷം.  ഇതിനനുസൃതമായി റബ്ബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായ രീതിയില്‍  വിപുലപ്പെടുത്താനാണ് നിര്‍ദ്ദേശങ്ങള്‍ ആരായുന്നതെന്നും ഇതുമായി ബന്ധപ്പെട്ടിറക്കിയ പത്രക്കുറിപ്പിൽ കേന്ദ്രസർക്കാർ അറിയിച്ചു.

click me!