റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി: മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് നവംബര്‍ നാലിന് നല്‍കും

By Web TeamFirst Published Oct 22, 2020, 6:48 PM IST
Highlights

റൂള്‍സ് ഓഫ് ബിസിനസ്സില്‍ 15 വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ഇതില്‍ പൊതു ഭരണവകുപ്പ് തയ്യാറാക്കിയ ഭേദഗതി നിര്‍ദേശങ്ങളാണ് വിവാദമായത്.
 

തിരുവനന്തപുരം: റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി അന്തിമ റിപ്പോര്‍ട്ട് മന്ത്രിസഭ ഉപസമിതി നവംബര്‍ നാലിന് നല്‍കും. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ ഉപസമിതി അംഗങ്ങളായ മന്ത്രിമാര്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കി. എല്ലാം ക്രോഡീകരിച്ച് ചീഫ് സെക്രട്ടറി കരട് തയ്യാറാക്കും. കരടില്‍ ആവശ്യം എങ്കില്‍ വീണ്ടും സമിതി ചര്‍ച്ച നടത്തും. 

റൂള്‍സ് ഓഫ് ബിസിനസ്സില്‍ 15 വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ഇതില്‍ പൊതു ഭരണവകുപ്പ് തയ്യാറാക്കിയ ഭേദഗതി നിര്‍ദേശങ്ങളാണ് വിവാദമായത്. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം ലഭിക്കുകയും മന്ത്രിമാരുടെ അധികാരം കുറയുകയും ചെയ്യുന്നതാണ് പ്രധാന നിര്‍ദേശങ്ങളെന്നാണ് ആക്ഷേപം. അതത് വകുപ്പുകളുടെ ചുമതല മന്ത്രിമാര്‍ക്കൊപ്പം സെക്രട്ടറിക്ക് കൂടി കിട്ടുന്ന രീതിയിലാണ് ഭേദഗതി നിര്‍ദേശം. നിലവില്‍ പ്രധാന ഫയലുകളെല്ലാം മന്ത്രിമാര്‍ കണ്ട് മാത്രമേ തീര്‍പ്പാക്കാന്‍ കഴിയൂ. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം സെക്രട്ടറിമാര്‍ക്ക് തന്നെ ഫയല്‍ തീര്‍പ്പാക്കാം.

മന്ത്രിമാര്‍ മുഖേന അല്ലാതെ മുഖ്യമന്ത്രിക്ക് സെക്രട്ടറിമാര്‍ വഴി ഫയലുകള്‍ വിളിപ്പിക്കാനും അധികാരം നല്‍കുന്നു. മന്ത്രിമാര്‍ വിദേശയാത്ര പോകുമ്പോള്‍ നിലവിലെ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം ഗവര്‍ണറാണ് പകരം ചുമതല മറ്റൊരാള്‍ക്ക് നല്‍കുന്നത്. പുതിയ ഭേദഗതി അനനുസരിച്ച് മുഖ്യമന്ത്രിക്ക് തന്നെ അതിന് അധികാരമുണ്ടാകും. ഭേദഗതിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മന്ത്രിസഭ നിയോഗിച്ച നിയമ മന്ത്രി അധ്യക്ഷനായ ഉപസമിതി യോഗത്തിലാണ് റവന്യു മന്ത്രി എതിര്‍പ്പ് അറിയിച്ചത്. ഇതോടെ വിവാദം പ്രതിപക്ഷവും ഏറ്റെടുത്തു.


 

click me!