
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ പ്രതിഷേധവുമായി കെൽട്രോൺ ഓഫീസിൽ തള്ളിക്കയറിയ ആർവൈഎഫ് പ്രവർത്തകർ അറസ്റ്റിൽ. കെൽട്രോൺ എംഡിയുടെ ഓഫീസിലേക്ക് തളിക്കയറാനായിരുന്നു ശ്രമം. സംഭവത്തിൽ അഞ്ച് പ്രവർത്തകർ അറസ്റ്റിലായി. മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റു ചെയ്ത് നീക്കിയത്. ഓഫീസ് കോംമ്പൗണ്ടിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസും സെക്യൂരിറ്റിയും ശ്രദ്ധിച്ചിരുന്നില്ല. എംഡിയുടെ ഓഫീസിന് മുന്നിലേക്ക് എത്തുന്നതിനിടെയാണ് പ്രവർത്തകരെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവരെ ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു.
എ ഐ ക്യാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് നിയമ ലംഘനങ്ങൾ കുറഞ്ഞെന്നാണ് വിവാദങ്ങൾക്കിടയിലും മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. ഒരു ലക്ഷത്തോളം നിയമലംഘനങ്ങൾ കുറഞ്ഞു. നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ വിമർശനം ഉയരുന്നത് ശരിയാണോ? സർക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ പരിശോധനയെ ചിലർ വെറുതെ എതിർക്കുകയാണ്. കേന്ദ്ര നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാൻ കഴിയില്ല. സംസ്ഥാനം പുതിയ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. മനുഷ്യജീവൻ സംരക്ഷിക്കാനാണ് നിയമം നടപ്പിലാക്കുന്നത്. എഐ വരുന്നതോടെ അഴിമതി ഇല്ലാതാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.