
തിരുവനന്തപുരം: ഐഎസ്ആർഒ (ISRO) ചെയർമാനായി എസ് സോമനാഥ് (S Somanath) ചുമതലയേറ്റു. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ വച്ച് തന്നെയാണ്
അധികാരക്കൈമാറ്റത്തിന്റെ ഔപചാരികതകൾ പൂർത്തിയാക്കിയത്. സ്ഥാനമൊഴിയുന്ന ചെയർമാൻ ഡോ കെ ശിവൻ തിരുവനന്തപുരത്ത് എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സാധാരണ രീതിയിൽ ബെംഗളൂരുവിലെ ഇസ്രൊ ആസ്ഥാനത്ത് വച്ചാണ് പുതിയ ചെയർമാൻ സ്ഥാനമേറ്റെടുക്കുക. ഇത്തവണ തിരുവനന്തപുരത്ത് എത്തി അധികാരം കൈമാറിയത് കെ ശിവന്റെ സൗകര്യാർത്ഥമാണ് എന്നാണ് വിവരം.
നാല് വർഷം മുമ്പ് കെ ശിവൻ ഇസ്രൊ ചെയർമാനായ സമയത്താണ് എസ് സോമനാഥ് വിഎസ്‍എസ്‍സി ഡയറക്ടറായത്. അതിന് മുമ്പ് വലിയമല എൽപിഎസ്‍സി മേധാവിയായിരുന്നു, കെ ശിവനും എൽപിഎസ്‍സി തലപ്പത്ത് നിന്നാണ് വിഎസ്‍എസ്‍സിയിലെത്തിയതും പിന്നീട് ഇസ്രൊ ചെയർമാനായതും.
വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ രാജ്യത്തെ മുൻ നിര ശാസ്ത്രജ്ഞരിൽ ഒരാളാണ് സോമനാഥ്. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ടികെഎം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ സോമനാഥ്. ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയറോസ്പേസ് എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഐഎസ്ആർഒയിലെത്തുന്നത്.
1985ലാണ് സോമനാഥ് ഇസ്രൊയിലെത്തുന്നത്. വിഎസ്എസ്‍സിയിൽ തന്നെയായിരുന്നു തുടക്കം. 2003ൽ ജിഎസ്എൽവി വികസന സംഘത്തിന്റെ ഭാഗമായി. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക്ക് ത്രീ പ്രൊജക്ട് ഡയറക്ടറായിരുന്നു.
ആസ്ട്രനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഗോൾഡ്മെഡലും ഇസ്രൊയുടെ പെർഫോമൻസ് എക്സലൻസ് അവാർഡും നേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam