കെടുകാര്യസ്ഥതയുടെ പര്യായമായി ശബരി പദ്ധതി; 20 വര്‍ഷം കൊണ്ട് നിര്‍മിച്ചത് വെറും ഏഴ് കിലോമീറ്റര്‍ പാത

By Web TeamFirst Published Jan 25, 2020, 9:27 AM IST
Highlights

 517 കോടി രൂപ ചെലവില്‍ നിർമ്മിക്കാന്‍ ‍ ലക്ഷ്യമിട്ട പദ്ധതി, ഇനി തീര്‍ക്കണമെങ്കില്‍ 2800 കോടി രൂപയെങ്കിലും വേണം. 

തിരുവനന്തപുരം: ശബരി റെയില്‍ പദ്ധതി കടലാസില്‍ ഒതുങ്ങുന്നു. ശബരി റെയില്‍ പദ്ധതിയില്‍ 20 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് വെറും ഏഴ് കിലോമീറ്റര്‍ പാത. 517 കോടി രൂപ ചെലവില്‍ നിർമ്മിക്കാന്‍ ‍ ലക്ഷ്യമിട്ട പദ്ധതി, ഇനി തീര്‍ക്കണമെങ്കില്‍ 2800 കോടി രൂപയെങ്കിലും വേണം. ചെലവിന്‍റെ 50 ശതമാനം വഹിക്കാന്‍ കേരളം തയ്യാറായില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കുമെന്നാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. ശബരി പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത് 98 ലെ ബജറ്റിലാണ്. 517 കോടി രൂപ മുടക്കി റെയില്‍വേ നിര്‍മിക്കും. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കിയാല്‍ മാത്രം മതി. പക്ഷെ തുടക്കം മുതലേ ഭൂമി എറ്റെടുക്കലിന് താളം പിഴച്ചു. 

അലൈന്‍മെന്‍റിനെ ചൊല്ലി പലയിടത്തും തര്‍ക്കം തുടങ്ങി. വന്‍കിട ക്വാറി ഉടമകളായിരുന്നു സമരത്തിന് മുന്നില്‍. രാഷ്ട്രീയ നേതൃത്വവും ഇവര്‍ക്ക് ചൂട്ടുപിടിച്ചു. ഭൂമി ഏറ്റെടുക്കല്‍ നീണ്ടതോടെ 2011 ല്‍ പദ്ധതി ചെലവ് 517 കോടി രൂപയില്‍നിന്ന് 1566 കോടിയിലെത്തി. ഇതോടെ, ഇനി പദ്ധതി ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് കാട്ടി റെയില്‍വേ 2011 ലും 2012ലും സംസ്ഥാനത്തിന് അയച്ചു. 50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കണം എന്നായിരുന്നു റെയില്‍വേയുടെ ആവശ്യം. പക്ഷെ ഒരു അനുകൂല മറുപടി പോലും സംസ്ഥാനത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ഒടുവില്‍ 2015ല്‍ ഭരണം അവസാനിക്കുന്നതിന് തൊട്ടു മുമ്പ് 50 ശതമാനം ചിലവ് വഹിക്കാന്‍ തയ്യാറെന്ന് കാട്ടി യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി. 

എന്നാല്‍ പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ ഈഅനുമതി പിന്‍വലിച്ചു. പദ്ധതിക്കായി സംസ്ഥാനം പണം മുടക്കേണ്ടതില്ലെന്നാണ് പിണറായി സര്‍ക്കാരിന്‍റെ നിലപാട്. 2019 എത്തിയതോടെ പദ്ധതി ചെലവ്2800 കോടി രൂപ കടന്നു. ഇതോടെ റെയില്‍വേയും സ്വരം കടുപ്പിച്ചു. പദ്ധതി മരവിപ്പിക്കുന്നതായി കാട്ടി ഈ മാസം 12 ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയോല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

click me!