24 മണിക്കൂറും കണ്ണിമവെട്ടാതെ കാവലുണ്ട്! ശബരിമലയുടെ മുക്കിലും മൂലയിലും ക്യാമറകൾ, സന്നിധാനത്ത് 450ലേറെ സിസിടിവി ക്യാമറകൾ

Published : Nov 24, 2025, 05:47 PM IST
Sabarimala CCTV

Synopsis

മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസും ദേവസ്വം ബോര്‍ഡും ചേർന്ന് 450-നടുത്ത് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. 

പമ്പ: മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ. തീര്‍ത്ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും 24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്. ഇതിനായി പൊലീസ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍ സംയുക്തമായി 450-നടുത്ത് സി.സി.ടി.വി. ക്യാമറകളാണ് പ്രധാനകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. പൊലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകള്‍ മുഖേനയാണ് ഈ നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കുന്നത്. 24 മണിക്കൂറും കണ്ണിമവെട്ടാതെ ശബരിമലയുടെ മുക്കും മൂലയും ഈ കണ്‍ട്രോള്‍ റൂമുകളില്‍ നിരീക്ഷിക്കപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സംഭവങ്ങളോ തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളോ ഉണ്ടായാല്‍ ഉടനടി നടപടിയെടുക്കാന്‍ ഈ സംവിധാനം ഏറെ സഹായകരമാണ്.

പൊലീസ് സംവിധാനത്തിന്റെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പ്രധാന ഇടങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ 90-നടുത്ത് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. തീര്‍ത്ഥാടന പാതയിലും പ്രധാന വിശ്രമ കേന്ദ്രങ്ങളിലുമായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദേവസ്വം ബോര്‍ഡ് 345 ക്യാമറകള്‍ ക്രമീകരിച്ചിരിക്കുന്നു. മരക്കൂട്ടം, നടപ്പന്തല്‍, സോപാനം, ഫ്ളൈ ഓവര്‍, മാളികപ്പുറം, പാണ്ടിത്താവളം ഉള്‍പ്പെടെയുള്ള പരമാവധിയിടങ്ങള്‍ നിരീക്ഷണ പിരിധിയില്‍ കൊണ്ടുവരും വിധമാണ് ദേവസ്വം ബോര്‍ഡ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. പൊലീസും ദേവസ്വം ബോര്‍ഡും പരസ്പരം സഹകരിച്ച് വിവരങ്ങള്‍ പങ്കുവെക്കുകയും സംയുക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ പഴുതടച്ച സുരക്ഷാ നിരീക്ഷണം സാധ്യമാക്കുന്നത്. ഈ സംവിധാനം വഴി തിരക്ക് നിയന്ത്രിക്കുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനും ആവശ്യമെങ്കില്‍ പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അധികൃതര്‍ക്ക് സാധിക്കും. ഇത് ഭക്തര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുകയും ചെയ്യുമെന്ന് അധികൃതർ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ആരോഗ്യനില മോശമായി: രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്