
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ കാണാതായ സ്വര്‍ണ പീഠം സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍റെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. ആദ്യം കാണാതായെന്ന് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ തന്നെ പരാതി നൽകുകയും പിന്നീട് അയാളുടെ ബന്ധുവീട്ടിൽ നിന്ന് തന്നെ പീഠം കണ്ടെത്തുകയും ചെയ്തതിൽ ദുരൂഹതയുണ്ട്. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഉണ്ണികൃഷ്ണന്‍റെ വാക്കുകള്‍ വിശ്വസിക്കാൻ കഴിയില്ല. നാളെ വിഷയത്തിൽ കോടതി എന്ത് നിലപാട് എടുക്കുമെന്ന് നോക്കി ഭാവികാര്യങ്ങളിൽ തീരുമാനമെടുക്കും.
ദേവസ്വം ബോർഡിന്റെ വിജിലൻസ് നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ഒളിപ്പിച്ചു വെച്ച ശേഷം കണ്ടില്ലെന്ന് പറഞ്ഞു പരാതി പറയുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത് വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കോടതിയുടെ പരിഗണയിലുള്ള കാര്യമാണ്. റിപ്പോർട്ട് കോടതി പരിഗണിച്ചശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ശബരിമലയിലെ എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് നടക്കുന്നതെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ കാണാതായ സ്വര്‍ണ പീഠം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന് മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. സ്വർണ്ണപീഠം എടുത്തത് കൊണ്ട് ഉണ്ണികൃഷ്ണനോ വാസുദേവനോ പ്രത്യേകിച്ച് ലാഭമുള്ള കേസ് അല്ല. അവര്‍ എന്തിന് അങ്ങനെ ചെയ്തു എന്നത് വിജിലൻസ് അന്വേഷിക്കണം. പുതിയ പീഠം കൊണ്ട് വന്നപ്പോൾ ശിൽപവുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തിരികെ കൊടുത്ത് വിടുമ്പോൾ ദേവസ്വം ഉദ്യോഗസ്ഥരാണ് രേഖ തയ്യാറാക്കേണ്ടത്. അവർ അത് ചെയ്തിട്ട് ഉണ്ടാകും എന്ന് കരുതുന്നു. നടപടികൾ എല്ലാം ചെയ്തത് അന്നത്തെ തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്നും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണനുമായി വ്യക്തി ബന്ധമില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam