
കോട്ടയം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുരാരി ബാബുവിന്റെ വീട്ടിലെ ഇഡി പരിശോധന അവസാനിച്ചു. 13 മണിക്കൂർ നീണ്ട പരിശോധനയാണ് ഇഡി അവസാനിപ്പിച്ചത്. രാവിലെ മുതൽ തുടങ്ങിയ പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം വീട്ടിൽ നിന്ന് മടങ്ങി. മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകൾ, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകൾ, വാഹനങ്ങളുടെ രേഖകൾ, വീട് നിർമ്മാണത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം. അതേസമയം, ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെ ഇഡി പരിശോധനയും അവസാനിപ്പിച്ച് ഇഡി സംഘം മടങ്ങി.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി, പത്മകുമാർ, എൻ വാസു അടക്കമുള്ള പ്രതികളുടെ വീടുകളിലാണ് മിന്നൽ പരിശോധന തുടരുന്നത്. സ്വർണക്കൊള്ളയക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലിന്‍റെ വ്യാപ്തി കണ്ടെത്തുന്നതിനാണ് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ മൂന്ന് സംസ്ഥാനങ്ങളിലെ പരിശോധന.
വിവിധ സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അതീവ രഹസ്യമായാണ് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ. നിലവിൽ പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, സാക്ഷികളുടെ വീടുകൾ അടക്കം ഇഡി സംഘം പരിശോധന നടത്തി. തിരുവനന്തപുരത്ത് ദേവസ്വം ബോഡ് ആസ്ഥാനത്തടക്കം 4 ഇടത്തിലായിരുന്നു ഇഡി എത്തിയത്. റെയ്ഡിന് മുൻപ് വിവരം പ്രസിഡൻ്റ് കെ ജയകുമാറിനെ ഇഡി അറിയിച്ചു. ഉദ്യോഗസ്ഥർ ഫയലുകൾ എടുത്ത് നൽകി. മുൻ ദേവസ്വം കമ്മീഷ്ണർ എൻ വാസുവിന്‍റെ പേട്ടയിലെ വീട്ടിലെത്തി നോട്ടീസ് നൽകിയാണ് റെയഡ് തുടങ്ങിയത്. പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിൽ റെയ്ഡ് ഉദ്യോഗസ്ഥരെത്തിയപ്പോൾ ആരുമുണ്ടായില്ല. പിന്നീട് സഹോദരിയുടെ വീട്ടിൽ നിന്ന് അമ്മയെ എത്തിച്ചായിരുന്നു പരിശോധന.
സ്വർണക്കൊള്ളയിലെ പ്രധാന കേന്ദ്രം ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറാണ്. സിപിഎം നേതാവായ പത്മകുമാറിന്‍റെ കാലത്താണ് എല്ലാ ഇടപാടുകളും അരങ്ങേറുന്നത്. പത്മകുമാറിന്‍റെ ആസ്തിവിരങ്ങൾ, ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ എല്ലാം ഇഡി ചോദിച്ചറിഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരെയും ഒപ്പം കൂട്ടിയാണ് പരിശോധന.
സ്വർണക്കൊള്ളയിലെ എല്ലാ ഫയലുകളും ഉദ്ഭവിക്കുന്നത് മുരാരിയുടെ കയ്യിൽ നിന്നാണ്. കുറ്റകൃത്യത്തിൽ മുരാരി ബാബുവിന്‍റെ നേട്ടമെന്ത്, ആരൊക്കെ സഹായികളായി എന്നതും പരിശോധിക്കുന്നുണ്ട്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയക്ക് പുറമെ, എ ജയശ്രീ, കെ എസ് ബൈജു അടക്കമുള്ളവരുടെ വീടുകളിലും പരിശോധന നടന്നു. ചെന്നൈ സ്മാർട്ട് ക്രിയേഷനാണ് ഗൂഢാലോചനയിലെ മറ്റൊരു കേന്ദ്രം.
ചെന്നൈ, കർണാടക എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സ്വർണക്കൊള്ളയിലെ പണമിടപാട് നടന്നത്. ആരൊക്കെ പങ്കാളികളായി, പങ്കാളികളായവരുടെ സാമ്പത്തിക നേട്ടമെന്ത് എന്നതടക്കം വിശദമായി ഇന്ന് പരിശോധിക്കും. പരിശോധനയ്ക്ക് ശേഷം പ്രതികൾക്ക് നോട്ടീസ് നൽകി. സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് വിവരം. നിലവിലുള്ള കേസിന് പുറമെ ശബരിമല കേന്ദ്രീകരിച്ച് ആചാരങ്ങളുടെയും, വഴിപാടുകളുടെയും മറവിൽ നടന്ന സാമ്പത്തിക ഇടപാടും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. കേസിൽ കേന്ദ്ര ഏജൻസികളുടെ ഇനിയുള്ള നീക്കമെന്ത് എന്നതിലും ആകാംക്ഷയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam