
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. രേഖകളിൽ കൃത്രിമം നടത്തിയെന്നും ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, വിജയകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. അടുത്ത മാസം 12വരെയാണ് റിമാൻ്റ് കാലാവധി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻ്റ് ചെയ്തത്. വിജയകുമാർ സമർപ്പിച്ച ജാമ്യപേക്ഷ ഈ മാസം 31 ന് പരിഗണിക്കും.
ദേവസ്വം ബോർഡ് മുൻ അംഗമാണ് എൻ വിജയകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളി കൊടുത്തുവിടാൻ തീരുമാനമെടുത്തതിൽ ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സുഹൃത്തിൻ്റെ വീട്ടിലേക്ക് മാറിയ വിജയകുമാർ ഉച്ചയോടെ എസ്ഐടി ഓഫീസിൽ ഹാജരാകുകയായിരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡൻ്റായിരുന്നു വിജയകുമാർ.
പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ടും ഒപ്പം ബോർഡിൽ അംഗങ്ങളായ എൻ വിജയകുമാറിനെയും കെപി ശങ്കരദാസിനെയും എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം നീങ്ങണമെന്ന കോടതിയുടെ കർശന നിർദ്ദേശം കൂടി വന്നതിന് പിന്നാലെയാണ് അടുത്ത അറസ്റ്റ്. രണ്ട് അംഗങ്ങളെ എസ്ഐടി അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് വിജയകുമാർ എസ്ഐടി ഓഫീസിലെത്തി കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് ശേഷം വിജയകുമാർ ഒളിവിലായിരുന്നു. ഹൈക്കോടതി പരാമർശത്തിന് പിന്നാലെ എസ്ഐടി വിജയകുമാറിൻ്റേയും ബന്ധുക്കളുടേയും വീട്ടിൽ കഴിഞ്ഞ ദിവസമെത്തിയിരുന്നു. ഇതറിഞ്ഞ വിജയകുമാർ താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചു. ഇതിന് പിന്നാലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കൊപ്പമെത്തി വിജയകുമാർ കീഴടങ്ങുകയായിരുന്നു. ബോർഡിന് നഷ്ടമാകും വിധം പ്രതികളെ സഹായിക്കാൻ രേഖകളിൽ കൃത്രിമം നടത്തി എന്നതക്കടമുള്ള കുറ്റമാണ് വിജയകുമാറിനെതിരായ റിമാൻ്റ് റിപ്പോർട്ടിലുള്ളത്. വിജയകുമാറിനെ 12 വരെ റിമാൻ്റ് ചെയ്തു.
വിജയകുമാറിന് കുരുക്കായത് പത്മകുമാറിൻറെ മൊഴിയും മിനുട്സുമാണ്. 2019 മാർച്ച് 19ന് പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറുമ്പോൾ മിനുട്സിൽ ചെമ്പെന്ന് പത്മകുമാർ തിരുത്തി എഴുതിയതാണ് നിർണ്ണായകമായത്. എല്ലാം പത്മകുമാർ മാത്രം അറിഞ്ഞാണെന്ന് വിജയകുമാറും ശങ്കരദാസും മൊഴി നൽകി. എന്നാൽ ബോർഡ് എടുത്ത തീരുമാനത്തിൽ താൻ മാത്രം എങ്ങിനെ പ്രതിയാകുമെന്നായിരുന്നു ജാമ്യാപേക്ഷയിലെ പത്മകുമാറിൻ്റെ ചോദ്യം. പക്ഷാഘാതം ബാധിച്ച കെപി ശങ്കരദാസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശങ്കരദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഒന്നിന് കോടതി പരിഗണിക്കും. ഇടത് സംഘടന സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷനിൽ പ്രസിഡൻ്റായിരിക്കെ വിജയകുമാറിനെ അക്രമസമരത്തിൻ്റെ പേരിൽ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടിരുന്നു. വിഎസ് സർക്കാർ തിരിച്ചെടുത്തു. വിരമിച്ച ശേഷം സിപിഎം നോമിനിയായാണ് ബോർഡിലെത്തുന്നത്.
നിലവിൽ തിരുവല്ലം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ് എൻ വിജയകുമാർ. സ്വർണ്ണക്കൊള്ളയിൽ രാജ്യാന്തര ബന്ധത്തിൻ്റെ കണ്ണിയെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡിണ്ടിഗൽ സ്വദേശി മണിയെ നാളെ എസ്ഐടി ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam