
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാ കാലത്തെയും അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എസ്ഐടി അന്വേഷണം തൃപ്തികരമാണ്. എന്നാൽ ഇതിനിടയിലെ ഇഡി അന്വേഷണം സംശയകരമാണ്. ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിയ്ക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും ശബരിമല സ്വർണ്ണക്കൊള്ളക്കേസ് എസ്ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഇ ഡി അന്വേഷണത്തിൽ പല ഉദ്ദേശങ്ങളും കാണാം. ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ. തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം പോകട്ടെ. അന്വേഷണത്തിന് വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എസ്ഐടിയാണ് അന്വേഷണം നടത്തുന്നത് സർക്കാർ അല്ലെന്നും വി എൻ വാസവൻ പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വ്യാപകമായി റെയ്ഡ് നടത്തുകയാണ് ഇഡി. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ ഗോവര്‍ധന്‍റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ശ്രീറാംപുരയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്.
മുരാരി ബാബുവിന്‍റെ കോട്ടയത്തെ വീട്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എൻ വാസുവിന്‍റെ പേട്ടയിലെ വീട്ടിലും എ പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും ഇഡി പരിശോധനയുണ്ട്. കെപി ശങ്കരദാസ്, എൻ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി എത്തി. നിലവിൽ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇഡി പരിശോധനയ്ക്ക് എത്തിയിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്.
ഓപ്പറേഷൻ ഷാഡോ എന്ന പേരിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തുക്കളുടെ വിവരം തേടിയാണ് റെയ്ഡെന്നാണ് ഇഡി വ്യക്തമാക്കുന്നത്. രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കലിന്‍റെ പൂർണ്ണ വ്യാപ്തി കണ്ടെത്തുന്നതിനുമാണ് പരിശോധനയെന്നും ഇഡി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam