
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കുറ്റപത്രം നൽകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു. ഗുരുതര സാഹചര്യമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അറസ്റ്റ് അനിവാര്യമാണെന്നും പക്ഷേ അറസ്റ്റിനുള്ള കാരണങ്ങൾ സുപ്രീം കോടതി ഉത്തരവ് പ്രകാരം വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. സ്വർണപ്പാളിക്ക് പകരം ചെമ്പെന്ന് എഴുതിയ ദേവസ്വം മിനുട്സ് അടക്കമുള്ള രേഖകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ ദിവസങ്ങൾക്ക് മുൻപാണ് നടപടി തുടങ്ങിയത്. ഇതിനായി പത്മകുമാർ അടക്കമുള്ള പ്രതികളുടെ കൈയ്യെഴുത്ത് സാമ്പിളുകൾ ശേഖരിച്ചു. അന്തിമ റിപ്പോർട്ട് തയ്യാറായാലും സർക്കാറിന്‍റെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമാണ് കുറ്റപത്രം നൽകാൻ കഴിയുക.
സ്വർണ്ണക്കൊള്ളയിൽ അതിവേഗ അന്വേഷണവും അറസ്റ്റുമാണ് ഇതുവരെ ഉണ്ടായത്. എന്നാൽ കുറ്റപത്രം തയ്യാറാക്കലിൽ അന്വേഷണ സംഘത്തിന് മുന്നിൽ കടമ്പകൾ ഏറെയുണ്ട്. മൊഴികളുടെയും, ചില രേഖകളുടെയും അടിസ്ഥാനത്തിലുമുള്ള അറസ്റ്റിൽ ശാത്രീയ പരിശോധന ഫലം അനിവാര്യമാണ്. എസ്.ഐ. ടി കണ്ടെത്തിയ പ്രധാന രേഖ സ്വർണപ്പാളി എന്നതിന് പകരം ചെമ്പ് എന്നെഴുതിയ ദേവസ്വം ബോർഡ് യോഗ മിനുട്സ് ആണ്. പത്മകുമാർ കൈപ്പടയിലാണ് ഇത് എഴുതി ചേർത്തത്. ഇത്തരം കാര്യങ്ങൾ പ്രതികൾക്ക് വിചാരണ വേളയിൽ നിഷേധിക്കാം. അത് ഒഴിവാക്കാനാണ് ശാത്രീയ പരിശോധന. മറ്റ് പ്രതികളുടെ ഒപ്പുകൾ എല്ലാം ശാസ്ത്രീയ പരിശോധന നടത്തി ഉറപ്പാക്കണം. ഇതിനുള്ള നടപടികൾ ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ആരംഭിച്ചത്. പാളികൾ മാറ്റിയോ എന്നതിലും കൂടുതൽ വ്യക്തതയുള്ള പരിശോധന റിപ്പോർട്ടുകൾ ലഭിക്കണം.
അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസിൽ പ്രോസിക്യൂഷൻ അനുമതി വാങ്ങിയാൽ മാത്രമാണ് കുറ്റപത്രം നൽകാനാകുക. പത്മകുമാർ അടക്കമുള്ള ദേവസ്വം ബോർഡ് അംഗങ്ങൾക്ക് സർക്കാരും, ജീവനക്കാർക്ക് ബോർഡുമാണ് പ്രോസിക്യുഷൻ അനുമതി നൽകേണ്ടത്. അന്തിമ റിപ്പോർട്ട് തയ്യാറാക്കാതെ അനുമതി തേടാനാകില്ല. ഇതിനും ദിവസങ്ങൾ വേണ്ടിവരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam