
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും ജ്വല്ലറി ഉടമ ഗോവർധനും റിമാൻഡിൽ. ഇരുവരേയും 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റിലായ ഇരുവരേയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനുമാണെന്നാണ് കണ്ടെത്തൽ. പോറ്റിയും ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ തുടക്കം മുതൽ അന്വേഷണം വഴി തെറ്റിക്കാനും പങ്കില്ലെന്നും തെളിയിക്കാനാണ് പങ്കജ് ഭണ്ഡാരിയും ഗോവർധനും ശ്രമിച്ചത്. ഒരിക്കൽ സ്വർണം പൂശിയ ലോഹത്തിന് മേൽ വണ്ടും സ്വർണം പൂശാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നും പോറ്റി എത്തിച്ചത് ചെമ്പ് പാളിയെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആദ്യ മൊഴി. ശബരിമലയിലെ സ്പോൺസർഷിപ്പിനായി സഹായിച്ച ഇടനിലക്കാരൻ എന്ന പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്ന് വരുത്തി അന്വഷണത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനായിരുന്നു ഗോവർധൻ ശ്രമിച്ചത്.
ഗോൾഡ് പ്ലേറ്റിംഗ് മേഖലയിലെ ദക്ഷിണേന്ത്യയിലെ പേരുകേട്ട സ്ഥാപനം എന്നായിരുന്നു സ്വർണക്കൊള്ള പുറത്ത് വരുന്നത് വരെ ചെന്നൈ സ്മാർട്ട് ക്രിയേഷനെക്കുറിച്ചുള്ള വിവരം. എന്നാൽ റെയ്ഡിനെത്തിയ അന്വേഷണ സംഘം കണ്ടത് അവകാശവാദങ്ങളെല്ലാം ചെമ്പെന്നാണ്. സ്വർണം പൂശലക്കം എല്ലാം ദുരൂഹമായ ഇടപാടുകളായിരുന്നു. ഇടപാടുകാരെ ഇരുട്ടിൽ നിർത്തിയാണ് സ്വർണം പൂശൽ നടന്നതെന്ന് തുടക്കം മുതൽ മനസിലായി. അന്വേഷണത്തിന് തുക്കമിട്ട ദേവസ്വം വിജിലൻസ് മുമ്പാകെ ഒന്നും അറിയാത്തവരെ പോലെയാണ് സ്മാർട്ട് ക്രിയേഷൻ പെറുമാറിയത്. ഒരിക്കൽ സ്വർണം പൂശിയ ലോഹത്തിൽ വീണ്ടും പൂശാറില്ല, അതിനുള്ള വൈദഗ്ധ്യമില്ലെന്നായിരുന്നു ആദ്യ വാദം. ഇക്കാര്യം സ്ഥാപനത്തിന്‍റെ ഹൈക്കോടതി അഭിഭാഷകൻ ചാനലുകൾക്ക് മുന്നിൽ വിസ്തരിച്ചു. എന്നാൽ ഇതല്ല സത്യമെന്ന് പരിശോധനയിൽ കണ്ടെത്തിയ രേഖകളും മൊഴികളും തെളിയിച്ചു. ആദ്യം പങ്കജ് ഭണ്ഡാരി ഇത് നിഷേധിച്ചെങ്കിലും പിന്നീട് ഉള്ള ചോദ്യം ചെയ്യലിൽ സ്വർണം വേർതിരിച്ചത് സ്മാർട്ട് ക്രിയേഷനിൽ തന്നെയാണെന്ന് സമ്മതിച്ചു. അതിന്‍റെ രേഖകളും അന്വേഷണ സംഘം കണ്ടത്തി. 14 പാളികളിൽ നിന്ന് 577 ഗ്രാം സ്വർണവും സൈഡ് പാളികളിൽ നിന്ന് 409 ഗ്രാം സ്വർണവും അടക്കം 1 കിലോയോളം സ്വർണം വേർതിരിച്ചതിന്‍റെ കണക്കും കിട്ടി. ഇതോടെയാണ് പങ്കജ് ഭണ്ഡാരിയുടെ അറസ്റ്റിലേക്ക് നീങ്ങിയത്.
സ്മാർട്ട് ക്രിയേഷനിൽ വേർതിരിച്ചെടുത്ത സ്വർണം ഏറ്റുവാങ്ങിയത് ഗോവർധനന്‍റെ ജോലിക്കാരനായ കൽപ്പേഷ് ആണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ഗോവർധനിലേക്ക് വന്നത്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്‍റെ നിർദ്ദശ പ്രകാരം സ്വർണമടങ്ങിയ പാക്കറ്റ് താൻ ഏറ്റുവാങ്ങിയെന്ന് കൽപേഷ് സമ്മിച്ചു. ഇങ്ങനെ എത്തിച്ച 474 ഗ്രാം സ്വർണത്തിന് തത്തുല്യമായി സ്വർണക്കട്ടകൾ ഒക്ടോബറിൽ റൊദ്ദം ജ്വല്ലറിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ആദ്യം വ്യാപാരി എന്ന നിലയിലാണ് സ്വർണം വാങ്ങിയതെന്ന് പറഞ്ഞ ഗോവർധനൻ ഇത് ശബരിമലയിലെ സ്വർണമെന്ന് അറിയാമായിരുന്നുവെന്ന് പിന്നീടുള്ള ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഇനി കൊള്ള ചെയ്ത സ്വർണം ഇരുവരും എത്ര കോടികൾക്ക് കൈമാറി എന്നതിലാണ് അന്വേഷണം നടക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam