
തൃശൂർ: സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോൺ വിളിയിൽ അസ്വാഭാവികത സംശയിച്ച് ദാരുശിൽപ്പി എളവള്ളി നന്ദൻ. വിവാദങ്ങൾ തുടങ്ങിയശേഷം രണ്ടുതവണ ഉണ്ണികൃഷ്ണൻ പോറ്റി ഫോണിൽ ബന്ധപ്പെട്ടെന്നും രണ്ടാമത്തെ ഫോൺ വിളിയിൽ അസ്വാഭാവികത തോന്നിയെന്നുമാണ് എളവള്ളി നന്ദൻ വെളിപ്പെടുത്തിയത്. സ്വർണ്ണപ്പാളി വിവാദം തുടങ്ങിയ ശേഷം ആദ്യത്തെ തവണ വിളിച്ചപ്പോൾ ശബരിമല സ്വർണ വാതിലിന്‍റെ അടിയിൽ ചെമ്പിന്‍റെ ഒരു പാളി, എലി കടക്കാതിരിക്കാൻ വെച്ചിട്ടുണ്ടോ എന്നായിരുന്നു ചോദിച്ചത്. ഇല്ലെന്നും വാതിൽ വച്ച ശേഷം വാതിലുമായി തനിക്ക് ബന്ധമൊന്നുമില്ലല്ലോ എന്നും മറുപടി നൽകിയതായും എളവള്ളി നന്ദൻ വ്യക്തമാക്കി. ഇക്കാര്യം ചാനലിൽ പറഞ്ഞ ശേഷം ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും വിളിച്ചു. 'നന്ദകുമാറെ, അന്ന് വിളിച്ചതിൽ അസ്വാഭാവികതയൊന്നുമില്ല, വാതിലിൽ മുള്ളാണി അടിച്ചിട്ടുണ്ടോ എന്ന് ചോദിക്കാനായിരുന്നു അന്ന് വിളിച്ചതെന്നും പറഞ്ഞു'. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഈ കോളിൽ അസ്വാഭാവികത തോന്നിയെന്നാണ് ഇളവള്ളി നന്ദൻ വ്യക്തമാക്കിയത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സത്യം പുറത്തുവരണമെന്നും എളവള്ളി നന്ദൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ശബരിമലയിലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ എഫ് ഐ ആറിൽ അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയതിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് മുൻ അംഗം കെ രാഘവൻ രംഗത്തെത്തി. 2019 കാലയളവിൽ താൻ ദേവസ്വം അംഗമായിരുന്നില്ലെന്നും താൻ ഭരണ സമിതി അംഗമായത് 2016 ഒക്ടോബർ മുതൽ 2018 ഒക്ടോബർ 19 വരെയായിരുന്നെന്നും രാഘവൻ വിവരിച്ചു. അതിനുശേഷം എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ ഞാൻ കണ്ടിട്ടില്ല. എനിക്ക് അറിയുകയുമില്ല. ഉണ്ണികൃഷ്ണൻ പോറ്റി എന്റെ അടുത്ത് വന്നിട്ടില്ല. അദ്ദേഹവുമായി ഒരുതരത്തിൽ ഉള്ള പരിചയവുമില്ലെന്നും രാഘവൻ വിശദീകരിച്ചു. മറ്റു കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശബരിമലയിലെ സ്വർണക്കൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുകയാണ്. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ് ഐ ആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കി. കേസിലെ 8-ാം പ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. ആരുടെയും പേര് എഫ് ഐ ആറിലില്ലെങ്കിലും 2019 ലെ എ പത്‌മകുമാർ പ്രസിഡന്‍റായ ഭരണസമിതി ഇതോടെ പ്രതിക്കൂട്ടിലായിട്ടുണ്ട്. 2019 ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തതെന്ന് എഫ് ഐ ആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എഫ് ഐ ആർ പറയുന്നു. അതേസമയം താൻ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയിൽ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും എ പത്മകുമാര്‍ പറഞ്ഞു. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്‍റെ കാലത്ത് ശബരിമലയിൽ ചെയ്തിട്ടില്ലെന്നും ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ പത്മകുമാര്‍ പറഞ്ഞു. ഉടമസ്ഥൻ വീട് പൂട്ടിപ്പോയശേഷം വീട്ടിൽ മോഷണം നടന്നാൽ അതിന് വീട്ടുടമസ്ഥൻ ഉത്തരം പറയേണ്ട അവസ്ഥപോലെയാണിതെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.