
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകും. കൂടുതൽ സാവകാശം നൽകാൻ ആകില്ലെന്ന് അന്വേഷണം പത്മകുമാറിനെ അറിയിച്ചിട്ടുണ്ട്. കട്ടിള പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് ബോർഡിന്‍റെ അറിവോടെ എന്നാണ് എസ്ഐടി കണ്ടെത്തൽ. കേസിലെ നാലാം പ്രതി ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശി കൊണ്ടുവന്ന ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17 ന് നടക്കും.
ദ്വാരപാലകപാളി കേസിൽ 4-ാം പ്രതിയാണ് ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ ജയശ്രീ മിനുട്ട്സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പാളികൾ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സിലാണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്ട്സിൽ എഴുതിയത്. മുൻകൂർ ജാമ്യഹർജി കോടതി തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും.
ശബരിമല സ്വർണ കൊള്ളയിൽ 2019 ലെ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്നു ശ്യാം പ്രകാശിനെതിരെയാണ് നടപടി. നിലവിൽ ദേവസ്വം വിജിലൻസ് തിരു. സോൺ ഓഫീസർ ആയിരുന്നു ശ്യാം പ്രകാശ്. സ്വർണകൊള്ള അന്വേഷണം തുടങ്ങിയ ശേഷമാണ് ഈ ഉദ്യോഗസ്ഥൻ തന്റെ ഓഫീസിൽ ഉണ്ടെന്ന് വിജിലൻസ് എസ്പി തിരിച്ചറിഞ്ഞത്. തുടർന്ന് നിർബന്ധിത അവധിയിൽ പോകാൻ എസ്പി നിർദേശിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സ്ഥലംമാറ്റം. ദേവസ്വം വിജിലൻസിൽ നിന്ന് വർക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്. വർക്കല അസിസ്റ്റൻ്റ് ദേവസം കമ്മീഷണർ ആയിട്ടാണ് സ്ഥലംമാറ്റം. സ്വർണം 'ചെമ്പായ ' ഫയലുകൾ കൈകാര്യം ചെയ്തത് ശ്യാം പ്രകാശായിരുന്നു. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡൻറ് എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിൻറെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam