
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്. നിരവധി പേർക്ക് ഉപഹാരങ്ങൾ നൽകിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരം നൽകിയിട്ടുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി പരിചയമുണ്ടെന്നും പോറ്റി മൊഴി നൽകിയിട്ടുണ്ട്. 2017 മുതൽ കടകംപള്ളിയുമായി പരിചയമുണ്ട്. കടകംപള്ളി വീട്ടിൽ വന്നിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി.
അതേസമയം, സ്വർണക്കൊള്ളയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതുസംബന്ധിച്ച ശുപാർശ എസ്ഐടി സർക്കാരിന് നൽകി. തൃശൂർ സ്വദേശി അഡ്വ. ഉണ്ണികൃഷ്ണനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പരിഗണനയിൽ ഉള്ളത്. അതിനിടെ, ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകൻമാരെ കണ്ടെത്തി. ഇന്നലെ നടത്തിയ എസ്ഐടി പരിശോധനയിൽ സ്ട്രോങ് റൂമിൽ നിന്നുമാണ് അഷ്‌ടദിക് പാലകൻമാരെ കണ്ടെത്തിയത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി നൽകും. ഇന്നലെ രാത്രി ഒന്നരയോടെയാണ് സന്നിധാനത്ത് എസ്ഐടി പരിശോധന പൂർത്തിയാക്കിയത്. കൊടിയിൽ സ്ഥാപിച്ചിരുന്ന ചെറിയ ശിൽപങ്ങളാണ് അഷ്‌ടദിക് പാലകർ.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, പതിനൊന്നാം പ്രതി നാഗ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ഹൈക്കോടതി വിധി പറയുക. ജസ്റ്റിസ് എ ബദറുദ്ദിൻ്റെ ബെഞ്ച് ആണ് ജാമ്യാപേക്ഷകളില്‍ വാദം കേട്ടത്. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് പത്മകുമാറിന്റെയും, മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തയാളാണ് താനെന്നും സ്വര്‍ണ്ണം കവര്‍ന്നെടുക്കേണ്ട കാര്യമില്ലെന്നുമാണ് നാഗ ഗോവര്‍ദ്ധന്‍ ഹൈക്കോടതിയെ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam