ശബരിമല സ്വർണക്കവർച്ച കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു, അഭിഭാഷകനോട് സംസാരിച്ച് പോറ്റി

Published : Oct 17, 2025, 12:07 PM ISTUpdated : Oct 17, 2025, 12:11 PM IST
unnikrishnan potty

Synopsis

14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി കസ്റ്റഡി അപേക്ഷ പരി​ഗണിച്ചത്. അന്വേഷണസംഘത്തിൻ്റെ ആവശ്യപ്രകാരമാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. 

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ പരി​ഗണിച്ചത്. തുടർന്ന് കോടതി പോറ്റിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. അതിനിടയിൽ അഭിഭാഷകനോട് സംസാരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 10 മിനിറ്റ് സമയം നൽകി. ശബരിമല സ്വർണ്ണക്കവർച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. ഇന്ന് പുലർച്ചെ 2.30നാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. 

ആരാണ് ഉണ്ണികൃ‍ഷ്ണൻ പോറ്റി?

തിരുവനന്തപുരം കിളിമാനൂർ പുളിമാത്താണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വദേശം. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തിൽ ജോലി ചെയ്ത പരിചയവുമായാണ് 2007ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം. പിന്നീട് ഏതാനും വർഷങ്ങൾക്കുള്ളിൽ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്. കർണാടകയിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളർന്നു. യാതൊരു വരുമാനവും ഇല്ലെന്ന് വിജിലൻസ് കണ്ടെത്തിയ പോറ്റി ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് നൽകിയത്.

ആദ്യം ശബരിമലയിൽ സ്വർണം പൊതിഞ്ഞ വാതിൽ മാറ്റി പുതിയ വാതിൽ നിർമ്മിച്ച് സ്വർണം പൂശി നൽകി. ഇതിന്റെ യഥാർത്ഥ സ്പോൺസർ ബെല്ലാരി സ്വദേശി ഗോവർധൻ ആയിരുന്നെങ്കിലും നേതൃത്വം പോറ്റിക്കായിരുന്നു. 2017 ൽ പോറ്റി ക്ഷേത്ര അലങ്കാരം, പടിപൂജ, ഉദയാസ്മന പൂജ, മേളം എന്നിവ നടത്തി. അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിതതിന് 10 ലക്ഷം രൂപ സംഭാവന നൽകി. 2017 ൽ തന്നെ 8.2 ലക്ഷം രൂപയുടെ രൂപയുടെ ചെക്കും 17 ടൺ അരിയും 30 ടൺ പച്ചക്കറിയും പോറ്റി സംഭാവന നൽകി. ശബരിമലയിലെ പതിനെട്ടാം പടിക്ക് മണിമണ്ഡപം നിർമ്മിച്ച് നൽകുകയും മണിമണ്ഡപത്തിലേക്കുള്ള മണികൾ നിർമ്മിച്ച് നൽകുകയും ചെയ്തു. അന്നദാനത്തിനായി 2025 ജനുവരിയിൽ ആറ് ലക്ഷം രൂപ നൽകി. 2025 മകരവിളക്കിനോട് അനുബന്ധിച്ച് 10 ലക്ഷം രൂപയും ഉണ്ണിക്കൃഷ്ണൻ പോറ്റി സംഭാവന നൽകി. ഇത് കൂടാതെ ചെറുതും വലുതുമായ പല പ്രവർത്തികളും വഴിപാടുകളും നടത്തി. പലതിന്റെയും യഥാർത്ഥ സ്പോൺസർമാർ മറ്റ് വ്യക്തികൾ ആയിരുന്നെങ്കിലും എല്ലാത്തിനും നേതൃത്വം പോറ്റിക്കായിരുന്നു. ഈ മുഴുവൻ ഇടപാടുകളും വീണ്ടും അന്വേഷിക്കണമെന്ന് ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

എന്തിനാണ് പോറ്റി അറസ്റ്റിലായത്? ഇതുവരെയുള്ള കണ്ടെത്തലുകൾ

ദേവസ്വം ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ശബരിമലയിലെ സ്വർണ പാളികൾ പുറത്തേക്ക് കടത്തി. ഇതിന് ദേവസ്വം ബോർഡിന്റെ അറിവും ഉണ്ടായിരുന്നു. 

2019 ജൂണിലും ഓഗസ്റ്റിലുമായി 21 പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് അതിലെ 989.8 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിൽ 394.9 ഗ്രാം സ്വർണം ഉപയോഗിച്ച് ദ്വാരപാലക ശിൽപ്പങ്ങളിൽ വീണ്ടും ഗോൾഡ് പ്ലേറ്റിംഗ് നടത്തി എന്നാണ് സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. 109 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് കൂലിയായി എടുത്തു.

ബാക്കി 474.99 ഗ്രാം സ്വർണം പോറ്റി ചുമതലപ്പെടുത്തിയ പ്രതിനിധി എന്ന് പറയപ്പെടുന്ന കൽപ്പേഷിന് ഖര രൂപത്തിൽ കൈമാറി. ഇത് ഇതുവരെ ശബരിമലയിൽ തിരികെ എത്തിയിട്ടില്ല. അതായത് വിജയ് മല്യ വഴിപാടായി ചാർത്തിയ 24 കാരറ്റ് തനി തങ്കത്തിൽ 474.99 ഗ്രാം ഉണ്ണികൃഷ്ണൻ പോറ്റി അപഹരിച്ചു. ഇതിനായി വലിയ ഗൂഢാലോചനയും ആസൂത്രണവും നടന്നു.

സ്വർണപാളികൾ സ്വന്തം ചെലവിൽ സ്വർണം പൂശുമെന്ന ഉറപ്പിന് വിരുദ്ധമായി പലരിൽ നിന്നും സ്വർണം പണവും ഉണ്ണികൃഷ്ണൻ പോറ്റി കൈപ്പറ്റി. ശബരിമല ശ്രീകോവിൽ ഭാഗങ്ങൾ പലയിടത്തും നിയമവിരുദ്ധമായി പ്രദർശിപ്പിച്ച് ലാഭമുണ്ടാക്കി. 

PREV
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും