
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍. ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങി കൂട്ടിയെന്നാണ് എസ്ഐടി കണ്ടെത്തിയത്. ഇതുസംബന്ധിച്ച രേഖകളും എസ്ഐടി പിടിച്ചെടുത്തു. ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമാണ് ഉണ്ണികൃഷ്ണൻ പോറ്റി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണ് പിടിച്ചെടുത്തത്. ഭൂമി ഇടപാടുകളിൽ എസ്ഐടി വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി പണം പലിശക്കും നൽകിയിരുന്നു. രമേഷ് റാവുവിനെ മറയാക്കിയാണ് ഉണ്ണികൃഷ്ണൻ പോറ്റി പണം പലിശക്ക് കൊടുത്തിരുന്നതെന്നും എസ്ഐടി കണ്ടെത്തി.
എസ്ഐടി സംഘം ബെംഗളുരു ശ്രീറാംപുരയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഏകദേശം പതിമൂന്നര മണിക്കൂറോളം നീണ്ട പരിശോധനയിൽ 176 ഗ്രാം തൂക്കം വരുന്ന സ്വർണ ആഭരണങ്ങൾ കണ്ടെടുത്തയാണ് സൂചന. ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കൊള്ളയടിച്ചതെന്ന് കരുതുന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധന്‍റെ ഉടമസ്ഥതയിലുള്ള റൊഡ്ഡം ജ്വല്ലറിയിൽ നിന്നും കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു. പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കും മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിൽ തെളിവെടുപ്പ് തുടരുകയാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ നിന്ന് പണിക്കൂലിയായി വാങ്ങിയ 106 ഗ്രാം സ്വർണം തിരിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള തിരക്കിട്ട നടപടികളുമായി മുന്നോട്ടുപോവുകയാണ് എസ്ഐടി. ഇന്നലെ രാത്രി ഏറെ വൈകിയും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ പരിശോധനകൾ നടന്നിരുന്നു. പരമാവധി തെളിവുശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിന്‍റെ ഭാഗമായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ് പി ശശിധരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് ഇന്നലെ പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam