
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്കും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും ഇന്ന് നിർണായകം. നാലാം പ്രതിയായ എസ് ജയശ്രീയും ആറാം പ്രതിയായ എസ് ശ്രീകുമാറും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചയാളാണ് ശ്രീകുമാർ. ശബരിമല സ്വർണക്കവർച്ചാക്കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ, ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെയാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ തന്ത്രിയും അടുപ്പക്കാരുമടങ്ങുന്ന സംഘമാണെന്നാണ് പത്മകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും മൊഴി. ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു. അതേസമയം പോറ്റിക്കായി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ടതിന് രേഖകളില്ലെന്നാണ് പത്മകുമാറിൻ്റെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam