'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കേസ്'; ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി, 'പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവം'

Published : Dec 19, 2025, 03:29 PM ISTUpdated : Dec 19, 2025, 03:58 PM IST
sabarimala gold theft case

Synopsis

ശബരിമല സ്വര്‍ണക്കൊള്ള കേസ് അപൂര്‍വമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. കേസ് അന്വേഷണത്തിൽ അലംഭാവം ഉണ്ടെന്ന് വിമര്‍ശിച്ച  ഹൈക്കോടതി അന്വേഷണം വൻ സ്രാവുകളിലേക്ക് നീങ്ങണമെന്നും നിര്‍ദേശിച്ചു.

കൊച്ചി: സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. എസ്ഐടിക്കെതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോ‍ർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാ‍ർ എന്നിവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാൻ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാൻ കൂട്ടു നിന്നുവെന്നും സംരക്ഷകര്‍ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമല സ്വർണക്കവ‍ർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു,  മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു , ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പുറത്തുവന്നത്.

 

കേട്ടുകേള്‍വിയില്ലാത്ത ഗൗരവകരമായ സംഭവം

 

ഒരു പുണ്യ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിലും തിരുവാഭരണങ്ങളിലും പതിപ്പിച്ചിരുന്ന സ്വർണ്ണം അധികാരികൾ തന്നെ ചേർന്ന് ദുരുപയോഗം ചെയ്തുവെന്ന ആരോപണം കേട്ടുകേൾവിയില്ലാത്തതും ഗൗരവകരവുമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. കേസിനാസ്പദമായ സംഭവങ്ങൾ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് നശിപ്പിക്കാൻ കൂട്ടുനിൽക്കുന്നു. സംരക്ഷകര്‍ തന്നെ വിനാശകരായ അവസ്ഥയെന്നാണ് ഇതിനെ കോടതി ഉത്തരവിൽ വിശേഷിപ്പിച്ചത്. (protectors become the destroyers) സ്വർണ്ണം പൂശിയ നിലയിലുണ്ടായിരുന്ന ദ്വാരപാലക വിഗ്രഹങ്ങളും കട്ടിളകളും വെറും ചെമ്പ് പാളികളാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വർണ്ണം തട്ടിയെടുക്കാനുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. ദേവസ്വം മാനുവൽ പ്രകാരം സ്വർണ്ണ ഉരുപ്പടികൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട കർശനമായ നിയമങ്ങൾ (അളവ് തൂക്കം പരിശോധിക്കുക, സ്മിത്തിനെ നിയമിക്കുക തുടങ്ങിയവ) പ്രതികൾ ലംഘിച്ചുവെന്നും ജാമ്യം തള്ളിയുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.

അന്വേഷണം വൻ സ്രാവുകളിലേക്ക് നീളണം, ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തതിൽ വിമര്‍ശനം

ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ സ്വർണ്ണ വേട്ട നടക്കില്ലെന്നും, അന്വേഷണം വൻ സ്രാവുകളിലേക്ക് (big guns) നീളണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിൽ വിവേചനം കാണിക്കരുതെന്നും ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തിയുണ്ടെന്നും കോടതി വിമര്‍ശിച്ചു. അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാൻസറാണെന്നും ഇത്തരം കേസുകളിൽ കോടതികൾ സമാന്തരമായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. പ്രതികൾ സ്വാധീനശക്തിയുള്ള മുൻ ദേവസ്വം ഉദ്യോഗസ്ഥരായതിനാൽ ഇവർക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയാക്കുമെന്ന് കോടതി ഉത്തരവിൽ പറയുന്നു. അന്വേഷണ പരിധിയിൽ നിന്ന് ചില കുറ്റവാളികളെ ഒഴിവാക്കുകയാണോയെന്നും കോടതി ചോദിച്ചു. ദേവസ്വം ബോ‍ർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാ‍ർ എന്നിവരുടെ പങ്കാളിത്തം കൂടി അന്വേഷിക്കേണ്ടതല്ലെയെന്നും കോടതി ചോദിച്ചു. വിജയകുമാറിനെയും ശങ്കരദാസിനെയും എന്തുകൊണ്ട് പ്രതി ചേർക്കുന്നില്ലെന്നും കോടതി ചോദിച്ചു. പഴുതടച്ച അന്വേഷണം വേണമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ജസ്റ്റിസ് എ ബദറുദ്ദീനാണ് ജാമ്യം ഹര്‍ജി തള്ളികൊണ്ട് ഉത്തരവിറക്കിയത്. മുൻ ദേവസ്വം പ്രസിഡന്‍റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ബോർഡ് മുൻ കമ്മീഷണർ കെഎസ് ബൈജു എന്നിവര്‍ക്ക് ജാമ്യം നൽകുന്നത് കേസിന്‍റെ മുന്നോട്ടുളള അന്വേഷണത്തെ ബാധിക്കുമെന്ന സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ  നിലപാട് അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്. ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് എൻ വാസുവിനെതിരായ കേസ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും  ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും