
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തർക്ക ഹര്‍ജിയിൽ പറയുന്നു. കടംകപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയിൽ പറയുന്നു.പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്‍റെ മാനനഷ്ട ഹർജിയിൽ പറയുന്നത്. ശബരിമല സ്വര്‍ണകൊള്ള വിവാദത്തിൽ കഴിഞ്ഞ ഒക്ടോബറിൽ വിഡി സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മറുപടി സമര്‍പ്പിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമയം ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, മാനനഷ്ട കേസിനുശേഷവും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് വിഡി സതീശൻ വ്യക്താമാക്കിയത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കോടതിയിൽ വിഡി സതീശന് വേണ്ടി ഹാജരയ അഭിഭാഷകനും വാക്കാൽ അറിയിച്ചിരുന്നു. ഇതോടെയാണ് കേസ് ഡിസംബര്‍ ഒന്നിലേക്ക് മാറ്റിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിഡി സതീശൻ തര്‍ക്ക ഹര്‍ജി നൽകിയത്. ശബരിമല സ്വര്‍ണകൊള്ളയിൽ സിപിഎമ്മിന് പങ്കുണ്ടെന്നും ഒരുപാട് ആളുകള്‍ ഇനിയും ജയിലിലേക്ക് പോകുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവര്‍ത്തിച്ചത്.
രണ്ട് പ്രധാന നേതാക്കള്‍ അറസ്റ്റിലായിട്ടും ഒരു നടപടി പോലും എടുക്കാൻ സാധിച്ചിട്ടില്ല. ഉന്നത സിപിഎം നേതാക്കള്‍ ജയിലിലാകുമെന്ന ഭയത്താലാണ് അറസ്റ്റിലായവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തതെന്നും വിഡി സതീശൻ ആരോപിച്ചിരുന്നു. ശബരിമല സ്വര്‍ണകൊള്ള തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകും. സ്വര്‍ണകൊള്ളക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ദ്വാരപാലക ശിൽപം ഏത് കോടീശ്വരന് കൊടുത്തുവെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നാണ് താൻ പറഞ്ഞത്. അതിന് അദ്ദേഹം രണ്ട് കോടി നഷ്ടപരിഹാരം ചോദിച്ച് നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി നൽകുകയും ചെയ്തു. എന്നാൽ, മാനനഷ്ട കേസ് കോടതിയിൽ എത്തിയപ്പോള്‍ തുക പത്തു ലക്ഷമായി കുറഞ്ഞെന്നും വിഡി സതീശൻ പറഞ്ഞു. കേസ് കോടതിയിലെത്തിയപ്പോഴേക്കും വാസവും പത്മകുമാറും അറസ്റ്റിലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ അവരുടെ അടുത്തേക്ക് അയച്ചത് ആരാണെന്ന് അവര്‍ മൊഴി നൽകിയിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായിട്ടുള്ള ബന്ധത്തിന്‍റെ തെളിവുണ്ടെന്നും തനിക്കെതിരെ കേസ് വരുമ്പോള്‍ അത് ഹാജരാക്കുമെന്നും വിഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam