മാസ്ക് ധരിച്ചുള്ള ശബരിമല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ

By Web TeamFirst Published Oct 6, 2020, 12:17 PM IST
Highlights

ഭക്തർക്ക് സാധാരണ നീലിമല കയറുമ്പോൾ പോലും ശ്വാസം എടുക്കുന്നതിൽ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൂക്കും വായും മൂടി മാസ്ക് ധരിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും. 

ശബരിമല തീർത്ഥാടനത്തിൽ മാസ്ക് ധരിച്ചുള്ള മല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യത. മാസ്ക് ധരിച്ച് മല കയറിയാൽ ശ്വാസംമുട്ടലുള്ളവർക്ക് ഹൃദയാഘാതം വരെയുണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. തുലാമാസ പൂജകൾക്ക് തീർഥാടകരെ പരീക്ഷാണാടിസ്ഥാനത്തിൽ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് നിലവിലെ തീരുമാനം.

ഇതിനായുള്ള ആരോഗ്യ പ്രോട്ടോക്കോളിൽ മലകയറുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഭക്തർക്ക് സാധാരണ നീലിമല കയറുമ്പോൾ പോലും ശ്വാസം എടുക്കുന്നതിൽ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൂക്കും വായും മൂടി മാസ്ക് ധരിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും. പമ്പ മുതൽ സന്നിധാനം വരെ അഞ്ച് കീലോമീറ്റർ ദൂരത്തിലാണ് നടന്ന് കയറേണ്ടത്. അതും കുത്തനെയുള്ള മല.

പൂർണ ആരോഗ്യവാനായ ഒരാൾക്ക് പോലും മാസ്ക് ധരിച്ച് 25 മീറ്റർ മാത്രമെ മലകയറാനാകു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സാധാരണ രീതിയിൽ മലകയറുമ്പോൾ ശ്വാസ തടസമുണ്ടായാൽ പലയിടങ്ങളിലായുള്ള വിശ്രമത്തിലൂടെയാണ് അതിജീവിക്കുക. മാസ്ക് ധരിക്കുമ്പോൾ പതിവിലും കൂടുതൽ വിശ്രമിക്കേണ്ടി വരും. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പ്രകാരം ഭക്തർ പരാമാവധി വേഗത്തിൽ ദർശനം പൂർത്തിയാക്കി മടങ്ങണമെന്നാണ് നിർദേശം.

ഏതെങ്കിലും ഭക്തർക്ക് ഹൃദയാഘാതമുണ്ടായാലും പുതിയ സാഹചര്യത്തിൽ ആശുപത്രികളിലെത്തിക്കുന്നതും വെല്ലുവിളിയാണ്. വേഗത്തിൽ നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മാസ്ക് ഒഴിവാക്കാമെന്നാണ് വിദ്ഗധരുടെ നിർദേശം. കഠിനമായ ശാരീരിക അധ്വാനം വേണ്ട മലകയറ്റത്തിൽ ഈ പ്രതിസന്ധികൾ എങ്ങനെ മറികടക്കുമെന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. 

click me!