
പത്തനംതിട്ട:തീർത്ഥാടകർക്ക് ദർശനപുണ്യമേകി ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുളള ദീപാരാധന നടന്നു. 41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുള്ള മണ്ഡലപൂജ ചടങ്ങുകൾ നാളെ നടക്കും. ഉച്ചയ്ക്ക് 1.30ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ പമ്പയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു. വൈകിട്ട് അഞ്ചരയോടെ ദേവസ്വത്തിന്‍റെയും വിവിധ വകുപ്പുകളുടെയും പ്രതിനിധി സംഘം സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തി ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ വലിയ നടപ്പന്തലും കടന്ന് സന്നിധാനത്ത് എത്തിയ ഘോഷയാത്ര 6.20 ഓടെ പതിനെട്ടാം പടി ചവിട്ടി.
പടി കയറി എത്തിയ പേടകത്തെ കൊടിമര ചുവട്ടിൽ ദേവസ്വം മന്ത്രി വിഎൻ വാസവന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിന്‍റെയും നേതൃത്വത്തിൽ പേടകം ഏറ്റുവാങ്ങി തന്ത്രിക്കും മേൽശാന്തിക്കും കൈമാറി. 6.30 ഓടെ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാർത്തി ദീപാരാധന നടന്നു. ദീപാരാധനയ്ക്ക് ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റി തുടങ്ങി. ആയിരക്കണക്കിന് ഭക്തരാണ് തങ്ക അങ്കി ചാർത്തിയുള്ള ദർശനത്തിനായി കാത്തു നിൽക്കുന്നത്. നാളെ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ ചടങ്ങുകള്‍. തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ ബുക്കിങ് 60000 ഉം സ്പോട്ട് ബുക്കിങ് 5000 വുമായി നിജപ്പെടുത്തിയിട്ടുണ്ട്. മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയാക്കി രാത്രി നടയടച്ചാൽ പിന്നീട് ഡിസംബർ 30ന് വൈകിട്ട് മകരവിളക്ക് തീർത്ഥാടനത്തിനായി വീണ്ടു തുറക്കും..
മണ്ഡല മഹോത്സവത്തിന് വ്യാഴാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam