
ദില്ലി : ശബരിമലയിലെ തിരക്കും തീർത്ഥാടകരുടെ പ്രയാസങ്ങളും പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. പൊലീസുകാരെ കുറച്ച് ശബരിമല തീർത്ഥാടനം ദുരന്തപൂർണമാക്കി മാറ്റിയത് സംസ്ഥാന സർക്കാരാണെന്ന് ആന്റോ ആന്റണി എം പി ആരോപിച്ചു. ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്തജനങ്ങൾ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ശബരിമലയിൽ തീർത്ഥാടകർ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് എംപിമാരുടെയും ഇടപെടൽ. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരസ്പരം പഴിചാരി സമയം കളയുകയാണെന്നും വിഷയത്തില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്നുമാണ് പ്രതാപന്റെ ആവശ്യം. വെർച്വൽ ക്യൂ ബുക്കിംഗ് തികഞ്ഞ പരാജയമായെന്നും അടിയന്തരപ്രമേയത്തിൽ ടിഎൻ പ്രതാപൻ ചൂണ്ടിക്കാട്ടുന്നു.
ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ, പന്തളത്ത് തേങ്ങയുടച്ച് മാലയൂരി മടങ്ങുന്നു
ശബരിമല തീർത്ഥാടനം ദുരന്തപൂർണമാക്കി മാറ്റിയത് സംസ്ഥാന സർക്കാരെന്ന് ആന്റോ ആന്റണി എം പിയും ആരോപിച്ചു. പൊലീസുകാരെ നവ കേരള സദസ്സിന് വേണ്ടി വിന്യസിച്ചിരിക്കുകയാണ്. ഓരോ എട്ട് മണിക്കൂറിലും 650 പൊലീസുകാരെ മാത്രമാണ് മലയിൽ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് വേണ്ടി ഇടുക്കിയിൽ മാത്രം 2500 പൊലീസുകാരെ അനുവദിച്ചു. സർക്കാർ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയില്ല.ശബരിമല തീർത്ഥാടനം തുടങ്ങുന്നതിനു മുൻപ് മുന്നറിയിപ്പ് നൽകിയതാണ് ദേവസ്വം മന്ത്രിയോടും ഇക്കാര്യം സൂചിപ്പിച്ചു.ഒരുക്കങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു. പൊലീസ് ആവശ്യത്തിന് ഇല്ലെങ്കിൽ കേന്ദ്ര പൊലീസിന്റെ സഹായം തേടണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam