ശബരിമല മുന്നൊരുക്കം: പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Published : Sep 25, 2022, 07:06 PM IST
ശബരിമല മുന്നൊരുക്കം: പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Synopsis

തീർത്ഥാടന കാലം എത്താറായിട്ടും മരാമത്ത് പണികൾ പൂർത്തിയാക്കാത്തതിലാണ് മന്ത്രി അതൃപ്തി വ്യക്തമാക്കിയത്

തിരുവനന്തപുരം: ശബരിമല മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിൽ  പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശകാരം. തീർത്ഥാടന കാലം എത്താറായിട്ടും മരാമത്ത് പണികൾ പൂർത്തിയാക്കാത്തതിലാണ് മന്ത്രി അതൃപ്തി വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥർ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് ജനങ്ങളാണെന്ന് മന്ത്രി പറഞ്ഞു. അലസത കാണിക്കുന്നവർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. എരുമേലിയിൽ റസ്റ്റ് ഹൗസ് പ്രവർത്തനം ഒക്ടോബർ 19 ന് തുടങ്ങുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

ഡോർമെറ്ററി ഓൺലൈൻ ആയി ബുക്ക് ചെയ്യാം. നിലവിൽ ഉള്ള പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കും. ഒക്ടോബർ 19 ന് മുമ്പ് എല്ലാ നിർമ്മാണ പ്രവൃത്തികളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. ചീഫ് എഞ്ചിനീയർമാർ റോഡുകളിലൂടെ സഞ്ചരിച്ച് കാര്യങ്ങൾ വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ പ്രധാന പാതയായ കൊട്ടാരക്കര - ദിണ്ഡുക്കൽ ദേശീയ പാതയിൽ 27 ഇടങ്ങളിൽ അപകട സാധ്യത കൂടുതലെന്ന് മോട്ടാർ വാഹന വകുപ്പിൻറെ കണ്ടെത്തൽ ഇന്ന് പുറത്ത് വന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ കനത്ത മഴയിൽ തക‍ർന്ന ഭാഗത്താണ് അപകട സാധ്യത കൂടുതൽ. ടാര്‍ വീപ്പയും റിബണും ഉപയോഗിച്ചാണ് ഇവിടങ്ങളിൽ അപകട സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നത്.

ശബരിമല സീസണിൽ കൊട്ടാരക്കര - ദിണ്ടുക്കൽ ദേശീയ പാതയിൽ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. മുണ്ടക്കയം മുതൽ കുമളി വരെയുള്ള ഭാഗത്താണ് പതിവായി കൂടുതൽ അപകടങ്ങൾ നടക്കാറുള്ളത്. ഇത്തവണ അപകടങ്ങളുടെ എണ്ണം വ‍ര്‍ദ്ധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിൻറെ റിപ്പോ‍ർട്ടിലുള്ളത്.  

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി