മണ്ഡല മകരവിളക്ക് സീസൺ തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി; ഒരുക്കങ്ങളില്ലാതെ സത്രം–പുല്ലുമേട് പരമ്പരാഗത കാനന പാത

Published : Nov 02, 2024, 01:13 PM IST
മണ്ഡല മകരവിളക്ക് സീസൺ തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി; ഒരുക്കങ്ങളില്ലാതെ സത്രം–പുല്ലുമേട് പരമ്പരാഗത കാനന പാത

Synopsis

സത്രത്തിൽ ആവശ്യത്തിനുള്ള സൗകര്യങ്ങളൊരുക്കുമെന്ന് രണ്ടു വർഷം മുൻപ് ദേവസ്വം മന്ത്രി നടത്തിയ പ്രഖ്യാപനം ജലരേഖയായി. അയ്യപ്പ ഭക്തർ ഇത്തവണയും അസൗകര്യങ്ങളിൽ വീർപ്പുമുട്ടി സഞ്ചരിക്കേണ്ടി വരും.

കോട്ടയം: മണ്ഡല മകരവിളക്ക് സീസൺ തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേ വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനന പാതയിൽ ഒരുക്കങ്ങളൊന്നും തുടങ്ങിയില്ല. സത്രത്തിൽ ആവശ്യത്തിനുള്ള സൗകര്യങ്ങളൊരുക്കുമെന്ന് രണ്ടു വർഷം മുൻപ് ദേവസ്വം മന്ത്രി നടത്തിയ പ്രഖ്യാപനവും ജലരേഖയായി. കഴിഞ്ഞ വർഷത്തേപ്പോലെ ഇതുവഴിയെത്തുന്ന അയ്യപ്പ ഭക്തർ ഇത്തവണയും അസൗകര്യങ്ങളിൽ വീർപ്പുമുട്ടി സഞ്ചരിക്കേണ്ടി വരും.

102 പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തെ തുടർന്ന് കോഴിക്കാനം - പുല്ലുമേട് പാത അടച്ചതോടെയാണ് സത്രത്തിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനന പാത തുറന്നു കൊടുത്തത്. സത്രത്തിൽ നിന്നും 12 കിലോമീറ്റർ വനത്തിലൂടെ നടന്നാണ് സന്നിധാനത്തെത്തുന്നത്. കേരളത്തിൽ നിന്നുള്ള ഭക്തർക്കൊപ്പം തമിഴ് നാട്, ആന്ധ്ര, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നുളളവരും ഇതു വഴിയെത്തുന്നുണ്ട്. കൊവിഡിന് ശേഷം പാത തുറന്ന വർഷം 53000 പേരാണ് ഇതുവഴി കടന്നു പോയത്. എന്നാൽ കഴിഞ്ഞ വർഷമിത് 1,42,000 ത്തിലധികമായി. 

താമസിക്കാനും വാഹനം പാർക്ക് ചെയ്യാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും ഭക്തർ ഏറെ ബുദ്ധിമുട്ടി. ഇത്തവണയും സത്രത്തിലെ സ്ഥിതി വ്യത്യസ്തമാകില്ല. ദേവസ്വം ബോർഡിൻറെ അഞ്ചു ശുചിമുറികൾ മാത്രമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് താൽക്കാലികമായി പണിത 20 ശുചിമുറികൾ ഉപയോഗ ശൂന്യമായി കിടക്കുന്നു. ഭക്തർക്ക് വിരി വയ്ക്കുന്നതിനും ഭക്ഷണത്തിന് കടകൾ തുടങ്ങുന്നതിനുമുള്ള നടപടികളൊന്നുമായില്ല.

സത്രത്തിൽ നിന്നുള്ള കാനനപാത എല്ലാ വർഷവും ഈ സമയത്ത് വനം വകുപ്പ് തെളിക്കാൻ തുടങ്ങുന്നതാണ്. എന്നാൽ ഇത്തവണ ഫണ്ടനുവദിക്കാത്തതിനാൽ ഇതുവരെ പണികൾ തുടങ്ങിയിട്ടില്ല. വളരെ കുറച്ച് വാഹനങ്ങൾ പാർക്കു ചെയ്യാൻ കഴിയുന്ന ചെറിയ പാർക്കിംഗ് ഗ്രൗണ്ട് മാത്രമാണുള്ളത്. ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ രണ്ടു വർഷം മുൻപ് സത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇടത്താവളത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് മടങ്ങി. രണ്ടു വർഷം കഴിയുമ്പോഴും നടപടികളൊന്നും തുടങ്ങിയിട്ടു പോലുമില്ല.
 

PREV
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും