
പത്തനംതിട്ട: ശബരിമലയിൽ മണ്ഡല-മകര വിളക്കുകാലത്തെ സുരക്ഷ മേൽനോട്ടത്തിന് ഇക്കുറി ഐജിമാരില്ല. പകരം പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളുടെ സുരക്ഷാ ചുമതല എസ്പിമാർക്ക് തന്നെയാകും. അതേ സമയം ഡ്യൂട്ടി ദിവസങ്ങള്‍ നീട്ടയതിനെതിരെ പൊലീസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടർന്നാണ് കഴിഞ്ഞ വർഷം വൻ സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത്. പമ്പയും, സന്നിധാനവും രണ്ടു മേഖലയായി തിരിച്ച് രണ്ട് ഐജിമാർക്കായി സുരക്ഷ ചുമതല. സ്ഥലത്ത് ക്യാമ്പ് ചെയ്ത സുരക്ഷ ക്രമീകരണങ്ങള്‍ നോക്കിയിരുന്ന ഐജിമാർക്ക് താഴെയായിരുന്നു എസ്പിമാരെ നിയോഗിച്ചത്.
ഇക്കുറി ഐജിമാർ ക്രമസമാധാന ചുമതലക്ക് നേരിട്ട് ശബരിമലയിൽ ഉണ്ടാകില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ സുപ്രീംകോടതി വിധി വരുന്നതിന് മുമ്പുള്ള മണ്ഡ-മകരവിളക്ക് കാലങ്ങളിലേത് പോലെ എസ്പിമാരാകും സ്പെഷ്യൽ ഓഫീസർമാർ. ശബരിമലയിൽ സംഘർഷങ്ങളുണ്ടായപ്പോള്‍ സുരക്ഷാ ചുമതലയേറ്റെടുക്കാൻ പല ഐജിമാരും തയ്യാറായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥർ തന്നെ ഒളിച്ചോടിയതിനെ മുഖ്യമന്ത്രി പൊലീസ് യോഗത്തിൽ നിശദമായി വിമർശിച്ചിരുന്നു. പക്ഷെ ഇക്കുറി ഐജിമാർ ശബരിമലയിൽ ക്യാമ്പ് ചെയ്തുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
ക്രമസമാധാനനില പരിശോധിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് ഡിജിപി പറഞ്ഞു. എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിനാണ് ഏകോപനം. അഞ്ച് ഘട്ടങ്ങളിലായി 10000 പൊലീസുകാരെ വിന്യസിക്കുന്ന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാലുഘട്ടങ്ങളായുള്ള പൊലീസ് വിന്യാസമാണ് ആദ്യമൊരുക്കിയത്. 20 മുതൽ 25 ദിവസം വരെ തുടച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായാൽ പൊലീസുകാരെ ശരീരമായും മാനസികമായും തളർത്തുമെന്ന പൊലീസ് അസോസിയേഷൻ പരാതി ഉയർന്നതിനെ തുടർന്നാണ് അഞ്ചു ഘട്ടമാക്കിയത്. പക്ഷെ ഏറ്റവും കൂടുതൽ ജോലി ഭാരം വരുന്ന മകരവിളക്ക് കാലത്ത് 21 ദിവസമാണ് പൊലീസുകാർ ജോലി ചെയ്യേണ്ടത്. ഇത് രണ്ടായി ഭാഗിക്കമെന്നാണ് അസോസിയേഷന്‍റെ ആവശ്യം. ഈ മാസം 16നാണ് ശബരിമല തുറക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam