ശബരിമല യുവതി പ്രവേശനം ആഘാതമായെന്ന് സിപിഎം തെര‍ഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

By Web TeamFirst Published Jun 26, 2019, 7:18 AM IST
Highlights

ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും വനിതാമതിലിന‌ുശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത‌് യുഡി‌എഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. 

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം ആഘാതമായി എന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോ‍ർട്ട്. വനിതാമതിലിന‌ുശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത‌് യുഡി‌എഫും ബിജെപിയും ഉപയോഗപ്പെടുത്തിയെന്നും ഈ പ്രചാരണം അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചുവെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും വിലയിരുത്തുന്നു. 

സിപിഎമ്മിനെ തോൽപ്പിക്കാന്‍ യു‍ഡിഎഫിന് ബിജെപി വോട്ട് മറിച്ചെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കയുയർത്തുന്നുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പാര്‍ട്ടി മുഖപത്രത്തിൽ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 

ബിജെപി കേന്ദ്രത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളിൽ യുഡിഎഫിന‌് അനുകൂലമായി ചുവടുമാറ്റത്തിന‌് ഇടയാക്കിയെന്നും. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന‌് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന‌് വിശ്വാസം നേടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട‌്.

കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട‌് ഞായർ, തിങ്കൾ ദിവസങ്ങളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ചർച്ചക്ക് ശേഷം അംഗീകരിച്ചു. ജനങ്ങളെ തിരിച്ചുപിടിക്കാൻ ശക്തമായ രാഷ‌്ട്രീയ ഇടപെടലിന‌് ആഹ്വാനം ചെയ്യുന്ന റിപ്പോർട്ട് ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാൻ  ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും വിലയിരുത്തുന്നു. 

click me!