ശബരിമല: പിണറായി സര്‍ക്കാരിന് രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്ന് പുന്നല ശ്രീകുമാര്‍, നവോത്ഥാന സമിതിയിൽ വിള്ളൽ

By Web TeamFirst Published Nov 16, 2019, 10:00 AM IST
Highlights

രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സര്‍ക്കാരിനെന്നാണ് പുന്നല ശ്രീകുമാറിന്‍റെ ആരോപണം

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയിൽ വിള്ളൽ . യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷെ പുനപരിശോധന ഹര്‍ജികളിൽ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട്. ഇത് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരാണെന്ന ആക്ഷേപവുമായി നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. 

യുവതികൾ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാരിന്‍റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു. 

2007 ൽ വിഎസ് അച്യുതാനന്ദൻ സര്‍ക്കാറും പിണറായി സര്‍ക്കാരും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടാണ് ഉള്ളത്. അത്തരം ഒരു നിലപാടെടുത്ത രാഷ്ട്രീയ നേതൃത്വമാണ് തൽക്കാലം യുവതികളെ ശബരിമലയിൽ കയറ്റേണ്ടതില്ലെന്ന നിലപാട് മാറ്റത്തിലേക്ക് എത്തുന്നത് . നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം തീരുമാനങ്ങളെന്നും പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി. 

നിലവിൽ സാധുവായ ഒരു ഉത്തരവ് ഉണ്ടെന്നിരിക്കെ മറിച്ചൊരു തീരുമാനം എടുക്കുന്നത് മറ്റ് ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ്.  പരിഷ്കരണ ആശയങ്ങളെ പുറകോട്ട് അടിക്കാനെ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കു. സര്‍ക്കാറും സിപിഎം അടക്കം സംഘടനാ നേതൃത്വവും നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്നും പുന്നല ശ്രീകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

പുന്നല ശ്രീകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്: 

"

വിശ്വാസ സംരക്ഷണം സംബന്ധിച്ച ഏഴ് കാര്യങ്ങളിൽ വിശാല ബെ‍ഞ്ചിന്‍റെ തീരുമാനം വന്നിട്ട് മതി ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പെന്നാണ് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി  തുടര്‍ന്നാണ് നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ലെങ്കിലും അന്തിമ വിധി വന്ന ശേഷം മതി യുവതീ പ്രവേശനം എന്ന നിലപാടിൽ സര്‍ക്കാരും സിപിഎമ്മും എത്തിയത്. 

ശബരിമലയിൽ സമാധാനപരമായ തീര്‍ത്ഥാടന കാലമാണ് പ്രതീക്ഷിക്കുന്നതെന്നും മലകയറാനെത്തുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനം ഇതാണെന്നിരിക്കെ മലകയറാൻ യുവതികളെത്തുന്നെങ്കിൽ അവര്‍ സുപ്രീംകോടതിയിൽ നിന്ന് ഉത്തരവ് കൊണ്ടുവരണമെന്നും ദേവസ്വം മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

 

click me!