
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം. 2018 ലെ സംഭവങ്ങളിൽ വിഷമമുണ്ട്. ഖേദമുണ്ട്. അതുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കരുതുന്നു. ഇപ്പോൾ അത് അടഞ്ഞ അധ്യായമാണ്. അതിനാൽ വിവാദങ്ങൾക്കില്ലെന്നുമാണ് കടകംപള്ളിയുടെ പ്രതികരണം.
കടകംപള്ളിയുടെ ഖേദപ്രകടനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി. കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സത്യവാങ് മൂലം തിരുത്താൻ ഇപ്പോഴും സര്‍ക്കാര്‍ തയ്യാറല്ല. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ കടകംപള്ളി ശബരിമലയെ തകർക്കാൻ ശ്രമിച്ചു. കടകംപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസ വേട്ട നടന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിലപാട് മാറ്റമെന്ന് ആരോപിച്ച സുരേന്ദ്രൻ, കടകംപള്ളി പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിവാദങ്ങൾ വീണ്ടും സജീവമാക്കാനുള്ള യുഡിഎഫ് ശ്രമങ്ങൾക്കിടെയാണ് ദേവസ്വം മന്ത്രിയുടെ മനസ്താപം. ശബരിമലയിൽ യുവതീ പ്രവേശനം തടയാൻ നിയമനിർമ്മാണം നടത്തുമെന്ന വാഗ്ദാനവും ഒരുപടി കൂടി കടന്ന് നിയമത്തിന്‍റെ കരടും യുഡിഎഫ് പുറത്തുവിട്ടതും എൽഡിഎഫിനെയും ബിജെപിയെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരുന്നു. സുപ്രീംകോടതി ഇനി മറിച്ചൊരു തീരുമാനമെടുത്താൽ എല്ലാവരോടും ആലോചിച്ച് മാത്രമെ തീരുമാനമെടുക്കു എന്നായിരുന്നു പിടിച്ചുനിൽക്കാനുള്ള സിപിഎം പ്രതിരോധം. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുള്ള ദേവസ്വം മന്ത്രിയുടെ വാക്കുകൾ. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നയുടൻ ക്ഷേത്രത്തിൽ നിന്നും കടകംപള്ളി പ്രചാരണം തുടങ്ങിയതും ശ്രദ്ധ നേടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam