ശബരിമല യുവതീ പ്രവേശനം: വിധിന്യായത്തിന് ആകെ 77 പേജ്; ഭൂരിപക്ഷ വിധി വെറും 9 പേജിൽ

By Web TeamFirst Published Nov 14, 2019, 2:30 PM IST
Highlights

ഭൂരിപക്ഷ വിധി രേഖപ്പെടുത്തിയത് വെറും ഒമ്പത് പേജിലാണ്. ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ​ഗോഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഖാൻവിൽക്കർ എന്നിവരാണ് പുനപരിശോധന ഹര്‍ജികൾ പരിഗണിക്കുന്നത് ഏഴംഗ ബെഞ്ചിന്‍റെ തീരുമാനം വന്ന ശേഷം മതിയെന്ന് നിലപാടെടുത്തത്. 

ദില്ലി: ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികൾ പരിഗണിക്കുന്നതിന് മുമ്പ് മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴ് കാര്യങ്ങൾ വിശാല ബെഞ്ചിന് വിട്ട വിധിന്യായത്തിൽ ഭൂരിപക്ഷ വിധി രേഖപ്പെടുത്തിയത് വെറും ഒമ്പത് പേജിൽ. ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ​ഗോഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഖാൻവിൽക്കർ എന്നിവരാണ് പുനപരിശോധന ഹര്‍ജികൾക്ക് മുമ്പ് തീര്‍പ്പാക്കേണ്ട വിഷയങ്ങളുണ്ടെന്ന നിലപാടെടുത്തത്. മതാചാരങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളേയും വ്യക്തമായി വിവക്ഷിക്കുന്നതിനുള്ള വിശാലമായ നിലപാട് ഏഴംഗ ‍ബെഞ്ചിൽ നിന്ന് ഉണ്ടാകണമെന്നാണ് വിധിയുടെ ഉള്ളടക്കം, 

വിപുലമായ ബഞ്ചിന് വിട്ട വിഷയങ്ങൾ ഇവയാണ്: 

  • മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അനുച്ഛേദങ്ങളുടെ പരസ്പര ബന്ധം
  • പൊതുക്രമം, ധാർമ്മികത എന്നിവയുടെ വ്യഖ്യാനം
  • ഭരണഘടനാ ധാർമ്മികതയുടെ കീഴിൽ വരുന്നത് എന്തൊക്കെ
  • മതാചാരം എന്തെന്ന് കോടതി നിർണ്ണയിക്കേണ്ടതുണ്ടോ. അതോ മതമേധാവിക്ക് വിടണോ
  • ഹിന്ദുക്കളിൽ ഒരു വിഭാഗം എന്ന ഭരണഘടനയുടെ പരാമർശത്തിന്‍റെ വ്യാഖ്യാനം
  • അവിഭാജ്യ മതാചാരത്തിന് ഭരണഘടനാ പരിരക്ഷയുണ്ടോ?
  • വിഷയവുമായി ബന്ധമില്ലാത്തവരുടെ പൊതുതാല്പര്യ ഹർജി പരിഗണിക്കേണ്ടതുണ്ടോ

 

അതേസമയം അഞ്ചം​ഗ ബെഞ്ചിൽ മൂന്നുപേർ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നപ്പോൾ മറ്റ് രണ്ട് പേരായ ജസ്റ്റിസ് എ വൈ ചന്ദ്രചൂഡ്, റോഹിന്റൻ നരിമാൻ എന്നിവർ വിയോജനവിധിയാണ് കുറിച്ചത്. വിധിന്യായത്തിലെ അറുപത്തെട്ട് പേജിലാണ് ഇരുവരും അഭിപ്രായം വിശദമായി രേഖപ്പെടുത്തിയത്. സുപ്രീംകോടതി വിധി നടപ്പാക്കാത്തതിലുള്ള ശക്തമായ എതിര്‍പ്പും ഇരുവരും രേഖപ്പെടുത്തിയിട്ടുണ്ട്. 2018 സെപ്റ്റംബറിലെ വിധി മുൻനിര്‍ത്തി ഭരണഘടനയുടെ ആർട്ടിക്കിൾ 51A യിൽ പറഞ്ഞിരിക്കുന്ന മൗലിക കടമകളും പൗരൻമാർ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. 

 

click me!