
കൊച്ചി : ട്വന്റി 20യുടെ എൻഡിഎ പ്രവേശനത്തിൽ വിശദീകരണവുമായി പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. ട്വന്റി 20 യെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കണമെന്ന് തീരുമാനിച്ച്, എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചുവെന്നും പാർട്ടിയെ തുടച്ചു നീക്കാനുള്ള ശ്രമമുണ്ടായപ്പോഴാണ് എൻഡിഎയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും സാബു എം ജേക്കബ് വിശദീകരിച്ചു. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമുണ്ടായത്. കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പാണ് ഈ തീരുമാനം. തീരുമാനത്തിൽ പ്രതിഷേധിച്ച് ട്വന്റി 20 വിട്ടു പോയവരെ കുറ്റം പറയില്ല. സ്വഭാവികമായ വിട്ടു പോകൽ മാത്രമാണ്. ഇനിയും ആളുകൾ പോയേക്കാം. ഒരാൾ പോകുമ്പോൾ നൂറ് പേർ വരും. ഇത് മാറ്റത്തിന്റെ തുടക്കമാണ്. ന്യൂന പക്ഷങ്ങളെ തമ്മിൽ അടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പാണ് ഇടതും വലതും നടത്തുന്നതെന്നും താൻ മത്സരിക്കുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം. സംഘടനാപരമായി ശക്തി കുറഞ്ഞ എറണാകുളം ജില്ലയിൽ സാബു ജേക്കബിനെ ഒപ്പം നിർത്തുന്നതിലൂടെ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ഇടത് സർക്കാരിന്‍റെ വ്യവസായ നയത്തെ വിമർശിച്ച് കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് കളം മാറ്റിയ സാബുവിനെ ഒപ്പം നിർത്തുന്നതിലൂടെ വികസനത്തിൽ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് കൂടുതൽ ശക്തി ലഭിക്കുമെന്ന് ബി ജെ പി കരുതുന്നു. ക്രൈസ്തവ മേഖലകളിലേക്ക് കടന്നു കയറാൻ സാബുവിന്റെ സാന്നിധ്യം സഹായിക്കുമെന്നു കൂടി പ്രതീക്ഷിച്ചാണ് ബി ജെ പി സാബുവിന് കൈകൊടുത്തത്. എന്നാൽ അവശേഷിച്ചിരുന്ന രാഷ്ട്രീയ സാധ്യതകൾ കൂടി സാബു ഇല്ലാതാക്കി എന്നാണ് ജില്ലയിലെ കോൺഗ്രസിന്റെയും സി പി എമ്മിന്റെയും വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam