മറ്റൊരു ഓഗസ്റ്റ്, ഭീതി വിതച്ച് പെരുമഴ; ഇന്നും വേദന മാറാതെ കവളപ്പാറയും പുത്തുമലയും

By Web TeamFirst Published Aug 7, 2020, 12:24 PM IST
Highlights

മഴക്കെടുതിയുടെ മറ്റൊരു ഓഗസ്റ്റ് മാസത്തിലൂടെ കടന്നുപോകുമ്പോള്‍ പക്ഷേ, കവളപ്പാറയും പുത്തുമലയും നടുക്കുന്ന ഓർമയായി വിങ്ങുകയാണ്. ഒരു വർഷം മുമ്പ് ഇതേ നാളുകളിലാണ് രണ്ടിടങ്ങളിലുമായി 73 പേർ മണ്ണിനടിയിൽ അവസാനിച്ചത്. 

നിലമ്പൂര്‍: കാതില്‍ മഴയുടെ ശബ്‍ദം വന്ന് നിറയുകയാണ്, ഉള്ളില്‍ ഒരു പേമാരിയോളം ഭീതിയാണ്. സമാധാനത്തോടെ ഒന്ന് ഉറങ്ങാന്‍ പോലും സാധിക്കാത്ത രാത്രികള്‍. ആരും ഓർക്കാനിഷ്ടപ്പെടുന്നില്ല ആ ദുരന്ത ദിനങ്ങള്‍. മഴക്കെടുതിയുടെ മറ്റൊരു ഓഗസ്റ്റ് മാസത്തിലൂടെ കടന്നുപോകുമ്പോള്‍ പക്ഷേ, കവളപ്പാറയും പുത്തുമലയും നടുക്കുന്ന ഓർമയില്‍ ഇപ്പോഴും വിങ്ങുകയാണ്.

ഒരു വർഷം മുമ്പ് ഇതേ നാളുകളിലാണ് രണ്ടിടങ്ങളിലുമായി 73 പേർ മണ്ണിനടിയിൽ അവസാനിച്ചത്. കവളപ്പാറയിൽ സംഭവിക്കുന്നത് ഇബ്നു ഏഷ്യാനെറ്റ് ന്യൂസിലൂടെ കരഞ്ഞുപറഞ്ഞു. ആരും എത്തിപ്പെടാതെ, ഉയിരോടെ മൂടിപ്പോയവരുടെ മണ്ണ് മാത്രം ബാക്കിയായ കവളപ്പാറയിൽ നിന്ന്, പിന്നീട് വന്നതൊന്നും നല്ല വാര്‍ത്തകളായിരുന്നില്ല.

നിമിഷങ്ങൾക്കുളളിലാണ് മുത്തപ്പൻ കുന്നിന്‍റെ ചെരിവിൽ വീടുകൾ ഇല്ലാതായത്. കാണാതായവർക്കായി ദിവസങ്ങൾ നീണ്ട തെരച്ചിലാണ് നടന്നത്. കൺമുന്നിൽ ഉറ്റവർ കൈവിട്ടുപോയവരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. രാജശേഖരനെയും സുനിലിനെയും സുമോദിനെയും പോലെ പ്രിയപ്പെട്ടവരെ കാത്തിരുന്നവർ ഏറെയാണ്. പെരുമഴയും ദുരന്തഭീതിയും വീണ്ടുമെത്തുമ്പോഴും 11 പേർ ഇപ്പോഴും കവളപ്പാറയിൽ മണ്ണിനടിയില്‍ എവിടെയോ ആണ്. ഇന്ന് കവളപ്പാറയിൽ ആളില്ല.

മാറ്റി താമസിപ്പിച്ച ആദിവാസി കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിലാണ്. സ്ഥലം വാങ്ങാനും വീടുവയ്ക്കാനും 10 ലക്ഷം സർക്കാർ അനുവദിച്ചു. എല്ലാം പൂർത്തിയായി എപ്പോൾ മടങ്ങാനെന്ന് ഇവർ ചോദിക്കുന്നു. പുത്തുമലയിലും മഴ ഒഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് ഏഴിന് ഇതുപോലെ പെരുമഴയുള്ളൊരു രാത്രിയാണ് ഒരു ഗ്രാമമാകെ ഒലിച്ചുപോയത്.

പതിനാല് പേരാണ് അന്ന് മരിച്ചത്, നാല് പേരെ കണ്ടെത്താനായില്ല. പുത്തുമലയിൽ 56 കുടുംബങ്ങൾക്കുളള പുനരധിവാസ പദ്ധതിക്ക് കഴിഞ്ഞ മാസമാണ് തറക്കല്ലിട്ടത്. എല്ലാം നഷ്ടമായി ഒന്നില്‍ നിന്ന് ജീവിതം തുടങ്ങിയവരിലേക്കാണ് വീണ്ടുമൊരു ഓഗസ്റ്റ് എത്തുന്നത്. 

click me!