മുൻഗാമികളേക്കാൾ കർക്കശക്കാരൻ, പാർട്ടി കാര്യങ്ങൾ സജീവം: ലീഗിനെ നയിക്കാൻ ഇനി സാദിഖലി തങ്ങൾ

Published : Mar 07, 2022, 05:21 PM ISTUpdated : Mar 07, 2022, 05:24 PM IST
മുൻഗാമികളേക്കാൾ കർക്കശക്കാരൻ, പാർട്ടി കാര്യങ്ങൾ സജീവം: ലീഗിനെ നയിക്കാൻ ഇനി സാദിഖലി തങ്ങൾ

Synopsis

ഹൈദരാലി തങ്ങളുടെ  തീരുമാനങ്ങളിൽ പങ്കാളിയായും ഉന്നതാധികാരസമിതിയിൽ കുഞ്ഞാലിക്കുട്ടിക്കും കെപിഎ മജീദിനുമൊപ്പം നിർണ്ണായകശബ്ദമായും ഇതുവരെ സാദിഖലി തങ്ങൾ ഉണ്ടായിരുന്നു. 

മലപ്പുറം: മുൻ അധ്യക്ഷൻമാരേക്കാൾ സംഘടനാകാര്യങ്ങളിൽ കുറെകൂടി ഇടപെടുന്ന നേതാവാണ് മുസ്ലീം ലീഗിന്റെ പുതിയ പ്രസിഡണ്ട്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 2009 മുതൽ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു സാദിഖലി തങ്ങൾ. സമസ്തയുടെ പിളര്‍പ്പിന് ശേഷം 15 വര്‍ഷക്കാലം എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു മുഹമ്മദി ശിഹാബ് തങ്ങളുടെയും ഹൈദരലി തങ്ങളുടെയും സഹോദരനായ പാണക്കാട് സാദിഖലി തങ്ങൾ.

2000-ത്തിൽ എം.കെ.മുനീർ സ്ഥാനമൊഴിഞ്ഞപ്പോൾ കെ.ടി.ജലീലിനെ മാറ്റി നിർത്താനായി യൂത്ത് ലീഗ് അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതോടെയാണ് പാണക്കാട് സാദിഖലി തങ്ങൾ സജീവരാഷ്ട്രീയത്തിലെത്തുന്നത്. 2007ൽ അദ്ദേഹം യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. 2009-ൽ ജേഷ്ഠൻ സംസ്ഥാന അധ്യക്ഷനാകാനായി ഒഴിഞ്ഞ മലപ്പുറം ജില്ലാ പ്രസിഡണ്ട് പദവിയിലേക്ക് രണ്ടാമതൊരു പേര് ലീഗിന് ആലോചിക്കാനുണ്ടായിരുന്നില്ല. അതോടെ  ഹൈദരാലി തങ്ങളുടെ  തീരുമാനങ്ങളിൽ പങ്കാളിയായും ഉന്നതാധികാരസമിതിയിൽ കുഞ്ഞാലിക്കുട്ടിക്കും കെപിഎ മജീദിനുമൊപ്പം നിർണ്ണായകശബ്ദമായും സാദിഖലി തങ്ങൾ മാറി.
 
രാജ്യസഭാ സീറ്റ് നിർണ്ണയമടക്കം ഹൈദരലി തങ്ങളെടുത്ത പല  സുപ്രധാന തീരുമാനങ്ങൾക്കും പിന്നിൽ സാദിഖലി തങ്ങളുടെ താല്പര്യങ്ങളും ഉണ്ടായിരുന്നു. അതോടെ ലീഗനകത്ത് പുതിയ അധികാരകേന്ദ്രമായി സാദിഖലി തങ്ങൾ മാറി. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവ‍ർ സാദിഖലിയുമായി കൂടുതലടുത്തുവെങ്കിലും ആരെയും പിണക്കിയില്ല അദ്ദേഹം.

സമീപകാലത്ത് ലീഗിനകത്തുണ്ടായ വിവാദങ്ങളിലൊക്കെ സാദിഖലി തങ്ങളുടെ ഇടപെടലുകളുണ്ടായിരുന്നു. ഹരിത വിവാദത്തിൽ എംഎസ്എഫ് അധ്യക്ഷൻ പി.കെ.നവാസ് പിടിച്ചു നിന്നത് സാദിഖലി തങ്ങളുടെ പിന്തുണയോടെയാണ്. നവാസിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദ്ദേശിച്ചപ്പോഴുള്ള ഏതിർപ്പുകൾ തങ്ങൾ അവഗണിച്ചു. അന്ന് എതി‍ർത്തവ‍ർ പിന്നീട് സംഘടനയ്ക്ക് പുറത്തേക്ക് പോയി. 

പ്രളയഫണ്ട്‌ തട്ടിപ്പിനെക്കുറിച്ച്‌ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക്‌ പരാതി അയച്ച ലീഗ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയംഗം സി.മമ്മിക്ക്‌  നടപടി നേരിടേണ്ടി വന്നു. മുൻഗാമികളെ അപേക്ഷിച്ച് കർക്കശക്കാരനായ സാദിഖലി തങ്ങൾ  കുറെക്കുടി സ്വതന്ത്ര നിലപാടാകും പല കാര്യങ്ങളിലും സ്വീകരിക്കുക. തീരുമാനം തങ്ങൾക്ക് വിട്ടു എന്ന പതിവ് പല്ലവി  വെറും വാക്കാവില്ല.

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും