വിമർശിച്ചത് ഭരണകൂടത്തെ, താൻ മന്ത്രിയും രാഷ്ട്രീയക്കാരനുമാണ്: പ്രസ്താവന ന്യായീകരിച്ച് വീണ്ടും സജി ചെറിയാൻ

Published : Jul 05, 2022, 06:29 PM IST
വിമർശിച്ചത് ഭരണകൂടത്തെ, താൻ മന്ത്രിയും രാഷ്ട്രീയക്കാരനുമാണ്: പ്രസ്താവന ന്യായീകരിച്ച് വീണ്ടും സജി ചെറിയാൻ

Synopsis

ഭരണഘടനക്കെതിരായായിരുന്നു മന്ത്രി സജി ചെറിയാന്റെ വിമർശനം. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്നാണ് വിമര്‍ശനം

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെയല്ല വിമർശിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. ഭരണകൂടത്തെയാണ് താൻ വിമർശിച്ചത്. മന്ത്രി മാത്രമല്ലെന്നും താൻ രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് എതിരെ പറഞ്ഞിട്ടില്ല. കുട്ടനാടൻ ഭാഷയിലെ പ്രയോഗമാണ് നടത്തിയത്. ഈ വിവാദത്തിൽ രാജി വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭരണഘടനക്കെതിരായായിരുന്നു മന്ത്രി സജി ചെറിയാന്റെ വിമർശനം. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്നാണ് വിമര്‍ശനം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിൽ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്ചക്കുമില്ലെന്ന് ഉറപ്പിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. നിയമസഭയ്ക്കക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ നീക്കം. യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്കും ഗവർണർക്കും പരാതി നൽകി. ബിജെപി ഗവർണറെ നേരിട്ട് കണ്ട് പരാതി അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് ആരോപണം മുതൽ ഏകെജി സെന്റര്‍ ആക്രമണം വരെ ആയുധങ്ങൾ പലതെടുത്ത് പയറ്റുന്നതിനിടെ പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി വീണുകിട്ടിയ വടിയാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം. രാജി വച്ചേ മതിയാകു എന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് നിയമസഭയിലെടുത്തതും കര്‍ശന നിലപാടായിരുന്നു. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്ക് മറുപടി പറയാൻ എഴുന്നേറ്റ മന്ത്രിയെ പ്രതിപക്ഷം ബഹിഷ്കരിച്ചു.

സജി ചെറിയാന്റെ പ്രസംഗത്തിൽ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് അധികാരത്തിൽ തുടരാൻ മന്ത്രിക്കിനി അവകാശമില്ലെന്ന് പറഞ്ഞു. ഭരണഘടനയെ അവഹേളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവര്‍ണറെ കണ്ടു.

നാക്കുപിഴയെന്ന് പറഞ്ഞ് പിടിച്ച് നിക്കാൻ സിപിഎം ശ്രമിക്കുമ്പോൾ നിയമനടപിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും. യൂത്ത് കോൺഗ്രസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വിവാദ പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ ഇതിനകം പരാതി എത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: ശബരിമല സ്വർണക്കൊള്ള - സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും