
ദില്ലി : ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശം ദൗർഭാഗ്യകരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടി . ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത് ആണിത്. മന്ത്രിയുടെ രാജിയില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
രാജിവച്ചില്ലെങ്കിൽ നിയമനടപടി-കെ.മുരളീധരൻ, നാടകം കളിച്ച് നിന്നാൽ മന്ത്രി സ്ഥാനത്തിനൊപ്പം എംഎൽഎ സ്ഥാനവും പോകും-കെ.മുരളീധരൻ
കോഴിക്കോട് : ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് കോൺഗ്രസ് എം പി കെ മുരളീധരൻ. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. മുഖ്യമന്ത്രി അതിന് തയാറായില്ലെങ്കിൽ ഗവർണർ ഇടപെടണം. സർക്കാർ അതിന് തയാറായില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ യു ഡി എഫ് കോടതിയെ സമീപിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു
ഭരണഘടനയെ വിമർശിക്കുന്നിൽ തെറ്റില്ല എന്നാൽ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുകയാണ് ചെയ്തത്. ഇത് സത്യപ്രതിജ്ഞാ ലംഘനം ആണ്. നാടകം കളിച്ച് നിന്നാൽ മന്ത്രി സ്ഥാനം മാത്രമല്ല എം എൽ എ സ്ഥാനവും നഷ്ടമാകുമെന്ന് കെ മുരളീധരൻ പറഞ്ഞു . രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കും; കേസെടുക്കുന്നതിൽ നിയമോപദേശം തേടും
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കും. നിലവില്‍, ഭരണഘടനാ അവഹേളന പ്രസംഗത്തിൽ മന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കിട്ടിയ പരാതികൾ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. പരാതികളിൽ എന്ത് തുടർ നടപടി വേണം എന്നത് പൊലീസ് തീരുമാനിച്ചിട്ടില്ല. മന്ത്രി ആരോപണ വിധേയനായ സംഭവത്തിൽ ഉന്നത തല നിര്‍ദേശമില്ലാതെ പൊലീസ് അന്വേഷണം ഉണ്ടാകില്ല. സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടും എന്നാണ് വിവരം.
അതേസമയം, മന്ത്രി സജി ചെറിയാന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയാണ്. ഭരണ ഘടനയെ അല്ല ഭരണകൂടത്തെ ആണ് വിമര്‍ശിച്ചത് എന്ന മന്ത്രിയുടെ വിശദീകരണത്തോടെ രാജി ആവശ്യം സിപിഎം തള്ളിയിരുന്നു. എന്നാൽ വിശദീകരണത്തിലും മന്ത്രി വിവാദ പ്രസംഗത്തിലെ നിലപാട് ആവർത്തിച്ചു എന്നാണ് പ്രതിപക്ഷ വിമർശനം. പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിന് കാത്തിരിക്കുന്നു എന്നാണ് ഗവർണ്ണർ പറഞ്ഞത്. മുഖ്യമന്ത്രി സഭയിൽ എന്ത് പ്രതികരണം നടത്തും എന്നത് നിർണ്ണായകമാണ്. മുഖ്യമന്ത്രി സജിയെ പിന്തുണച്ചാൽ രാജ്ഭവന്‍റെ അടുത്ത നീക്കവും പ്രധാനമാണ്. രാജി ആവശ്യം തള്ളുമ്പോഴും ആരെങ്കിലും പരാതി നൽകിയാൽ കോടതി സ്വീകരിക്കുന്ന നിലപാടിൽ സർക്കാരിന് ആശങ്ക ഉണ്ടാകും.
ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ:'ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന'
തിരുവനന്തപുരം; ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി.ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്.തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികൾക്ക് ഭരണഘാന സംരക്ഷണം നൽകുന്നില്ല.കോടതികളെയും മന്ത്രി വിമർശിച്ചു.മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam