
തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ രണ്ട് ദിവസത്തിനകം കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നിയമ വിദഗ്‍ധരുമായി ചർച്ച നടത്തിയ ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകും. മറ്റന്നാൾ സംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലങ്ങളിലും വൈകുന്നേരം ഭരണഘടന പ്രതിജ്ഞയെടുത്ത് പ്രതിഷേധിക്കുമെന്നും സുധാകരൻ പറഞ്ഞു. എല്ലാ രാഷ്ട്രീയ മര്യാദകളും മറികടക്കുന്ന മുന്നണിയാണ് കേരളം ഭരിക്കുന്നത്. സജി ചെറിയാനെക്കാൾ വലിയ കുറ്റം ചെയ്തത് രാജി വയ്ക്കാൻ പ്രേരിപ്പിക്കാത്ത മുന്നണിയാണെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഭരണഘടനയോട് സിപിഎമ്മിന് എല്ലാക്കാലത്തും പുച്ഛമാണ്. സജി ചെറിയാനെതിരെ നടപടി വേണമെന്നും രാജിക്കുളള സമ്മർദ്ദം തുടരുമെന്നും കെ.സുധാകരൻ പറഞ്ഞു.
സജി ചെറിയാൻ രാജി വയ്ക്കില്ല,തൽക്കാലം രാജി വേണ്ടെന്ന് പാർട്ടിയിൽ ധാരണ
അതേസമയം മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജി വക്കില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മന്ത്രി തൽക്കാലം രാജി വയ‍്‍ക്കേണ്ടതില്ലെന്ന് സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാനും ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. എകെജി സെന്ററിൽ ചേർന്ന സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി.എൻ.വാസവന് ഒപ്പമാണ് സജി ചെറിയാൻ എത്തിയത്. യോഗം തുടങ്ങുമ്പോൾ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam