ഇതൊന്നും ചെയ്യുന്നത് സര്‍ക്കാരല്ല, പൊലീസ് നടപടികള്‍ അസാധാരണം, അവനെ ഞങ്ങള്‍ക്ക് വിശ്വാസമാണ്: സജിത മഠത്തില്‍

By Web TeamFirst Published Nov 3, 2019, 11:06 AM IST
Highlights
  • അവന് മാവോയിസ്റ്റ് സംഘടനയില്‍ അംഗത്വമില്ല
  • സര്‍ക്കാരാണ് ഇതെല്ലാം ചെയ്യുന്നതെന്ന് കരുതുന്നില്ല
  • അങ്ങേയറ്റം വരെ അലനോടൊപ്പം നില‍്‍ക്കുമെന്നും സജിത മഠത്തില്‍

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് സഹോദരീ പുത്രനടക്കം രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സജിത മഠത്തില്‍. പൊലീസിന്‍റെ നടപടികളില്‍ അസ്വാഭാവികതയുണ്ടെന്നും സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സജിത മഠത്തിലിന്‍റെ വാക്കുകള്‍...

അലന് മാവോയിസ്റ്റ് സംഘടനയില്‍ അംഗത്വമുണ്ടെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല.  അവന് അതുമായി ബന്ധപ്പെട്ട ആളുകളുമായി ബന്ധമുണ്ടെന്ന് പറയാന്‍ പറ്റും. കിഡ്സണ്‍ കോര്‍ണറില്‍ നടക്കുന്ന പരിപാടികളിലെല്ലാം അവന്‍ പങ്കെടുക്കാറുണ്ട്. ചെറുപ്പത്തിള്‍ ഞാനും ഈ പരിപാടികളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഞാനും മാവോയിസ്റ്റാണെന്ന് പറയേണ്ടി വരും. അത് പൊലീസ് തെളിയിക്കട്ടെ.

വല്ല്യമ്മക്ക് ഉറക്കം വരുന്നില്ല; അലന്‍റെ അറസ്റ്റില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി സജിത മഠത്തില്‍...

പുസ്തകങ്ങള്‍ കണ്ടെത്തി എന്നത് തെറ്റായി പ്രചാരണമാണ്. ഞാനും സഹോദരിയും ചെറുപ്പം മുതല്‍ വായിച്ചുവളര്‍ന്ന പുസ്തകങ്ങളാണ് വീട്ടിലുണ്ടായിരുന്നത്. ആ പുസ്തകങ്ങളുടെ ഉത്തരവാദിത്തം അലനല്ലെന്ന് പൊലീസിനോട് സഹോദരി വ്യക്തമാക്കിയിട്ടുണ്ട്. അവന്‍റെ ഫോണ്‍ മാത്രമാണ് അവര്‍ അവിടെ നിന്ന് കണ്ടെടുത്തത്. ആദ്യമായി വാങ്ങിയ ആന്‍ഡ്രോയിഡ് ഫോണാണത്. മഴയായതിനാലാണ് അവനത് അവിടെ വച്ച് പോയത്. മറ്റൊന്നും അവിടെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. 

അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പൊലീസ് കാണിച്ചില്ല. അറസ്റ്റ് വിവരം വീട്ടില്‍ അറിയിക്കാനും തയ്യാറായില്ല. സാധാരണമായി നടക്കുന്ന കാര്യങ്ങളല്ല ഈ കേസില്‍ നടക്കുന്നത്. പൊലീസ് തിരക്കഥ വിശ്വസനീയമല്ല. പൊലീസ് വീട്ടിലേക്ക് ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മറ്റ് ഉപദ്രവമൊന്നും ഉണ്ടായില്ലെങ്കിലും ഇത്രയും പൊലീസ് കൂട്ടം ഒരു കുടുംബത്തിലേക്ക് വരുന്നത് ഭീകരമാണ്.

അലനെ ഞങ്ങള്‍ക്ക് നന്നായി അറിയാമെന്ന് പറയുന്നത് വെറുതെയല്ല. കുടുംബവുമായി വളരെ അടുപ്പമുള്ള ആളാണ് അലന്‍. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുകകയും ചെയ്യുന്ന കുട്ടിയാണ്. ആളുകളുമായി ബന്ധമില്ലാതെ റിബലായി നടക്കുന്ന ഒരാളല്ല. എല്ലാ സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന, നന്നായി വായിക്കുന്ന ആളാണ്.  

യുഎപിഎ അറസ്റ്റ്: നഗര മാവോയിസ്റ്റുകളെന്ന് പൊലീസ്, അന്വേഷണം കൂടുതൽ പേരിലേക്ക്...

സ്വതന്ത്രമായ രാഷ്ട്രീയ വായനകള്‍ക്കുള്ള അവസരം നല്‍കിയാണ് അവനെ വളര്‍ത്തിയത്. താനും സഹോദരിയുമെല്ലാം അങ്ങനെ തന്നെ വളര്‍ന്നവരാണ്. ഞങ്ങളെ പോലെ തന്നെ പൊളിട്ടിക്കലായി വളരാന്‍ അവസരം നല്‍കി. പൊളിട്ടിക്കലായി അവനെ വളര്‍ത്തി എന്നത് മാത്രമാണ് ഞങ്ങള്‍ ചെയ്ത തെറ്റ്.

ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത് സര്‍ക്കാരല്ല. സര്‍ക്കാറിന് ചെയ്യാനാകുന്നത് ഇനി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹോദരി ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ചെറിയ പ്രായത്തില്‍ യുഎപിഎ പോലുള്ള കരിനിയമം ചുമത്തുന്നത് തടയുമെന്നാണ് കരുതുന്നത്. സഖാക്കളെല്ലാം ഞങ്ങളോടൊപ്പമുണ്ട്. സര്‍ക്കാര്‍ കുട്ടികളോടൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങേയറ്റംവരെ അവനോടൊപ്പം നില്‍ക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

click me!