
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് ശമ്പള പരിഷ്ക്കരണം പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ (KSRTC) ഈ മാസം ഇതുവരെ ശമ്പളം വിതരണം ചെയ്തില്ല. പുതുക്കിയ ശമ്പളം സ്പാര്‍ക്കില്‍ ഭേദഗതി ചെയ്യുന്നതിലെ സാങ്കേതിക തടസമാണ് ശമ്പളം വൈകാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി എംഡി വിശദീകരിച്ചു. ഇ ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മാത്രം എങ്ങനെ മുടങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
എട്ടുകൊല്ലത്തെ കാത്തിരിപ്പിന് ശേഷം ജനുവരി 19 നാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുള്ള കരാറില്‍ ഒപ്പുവെച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലിന് സമാനമാണിതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഫെബ്രുവരി മാസം ഒരാഴ്ച പിന്നിട്ടപ്പോഴും പുതുക്കിയ ശമ്പളം ജീവനക്കാര്‍ക്ക് കിട്ടിയിട്ടില്ല. ഇ ഓഫീസ് പ്രവര്‍ത്തന രഹിതമായതിനാല്‍ സ്പാര്‍ക്കില്‍ പുതുക്കിയ ശമ്പളം അപ്ഡേറ്റ് ചെയ്യാനായിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തല്‍ യൂണിറ്റ് ഓഫീസര്‍മാര്‍ പുതുക്കിയ ശമ്പളത്തിന്‍റെ വിശദാംശങ്ങള്‍ ചീഫ് ഓഫിസിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് കിട്ടുന്ന മുറക്ക് വൈകാതെ ശമ്പള വിതരണം പൂര്‍ത്തിയാക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ ഈ വിശദീകരണം തള്ളുന്നു.
ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പല യൂണിറ്റുകളിലും ജീവനക്കാര്‍ പ്രതിഷേധ പ്രക്ടനങ്ങള്‍ സംഘടിപ്പിച്ച് തുടങ്ങി. കെ സ്വിഫ്റ്റ് രൂപീകരണത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ ഹൈക്കോടതിയില്‍ നിയമനടപടികള്‍ കടുപ്പിച്ച സാഹചര്യത്തില്‍ മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും ആക്ഷേപമുണ്ട്. പത്താം തീയതിക്കകം ശമ്പളം ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ജീവനക്കാരുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam