
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ ഒഴിവാക്കി സംസ്ഥാന സർക്കാർ പൂർണമായും അഷ്വേഡ് പെൻഷൻ പദ്ധതിയിലേക്ക് മാറുന്നതിന്‍റെ പ്രഖ്യാപനം ഇത്തവണ സംസ്ഥാന ബജറ്റിലുണ്ടാകും. ജീവനക്കാരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നാണ് ധന വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ക്ഷാമബത്തയിൽ രണ്ട് ഗഡുവെങ്കിലും നൽകാനും ശമ്പള പരിഷ്കരണത്തിനും ബജറ്റ് നിർദേശം ഉണ്ടായേക്കും.
പങ്കാളിത്ത പെൻഷൻ വേണ്ടെന്ന് സർക്കാർ ജീവനക്കാരുടെ സംഘടനകൾ കക്ഷി ഭേദമില്ലാതെ സമരത്തിലായതോടെയാണ്, 2023ലെ ബജറ്റിൽ സർക്കാർ പിൻമാറ്റ പ്രഖ്യാപനം നടത്തിയത്. 2026 ആയിട്ടും പക്ഷെ അത് പ്രഖ്യാപനത്തിലൊതുങ്ങി. കേന്ദ്ര സർക്കാർ നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് സമാനമായി ജീവനക്കാരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി അഷ്വേഡ് പെൻഷൻ പദ്ധതിയുടെ പ്രഖ്യാപനം ഇത്തവണ ബജറ്റിലുണ്ടാകും. എന്നാൽ തമിഴ്നാട് നടപ്പാക്കിയതു പോലെ അവസാന ശമ്പളത്തിന്‍റെ പാതി പെന്‍ഷൻ ഉറപ്പാക്കുന്ന രീതിയായിരിക്കില്ല.
പെന്‍ഷനായി നിശ്ചിത തുക സംസ്ഥാന സര്‍ക്കാര്‍ മുടക്കും. അധിക തുക പെൻഷൻ ഫണ്ടിലേക്ക് വകയിരുത്താൻ ജീവനക്കാർക്ക് അവസരം നൽകിയേക്കും. കേന്ദ്ര സർക്കാർ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി നിക്ഷേപ സ്ഥാപനം തെരഞ്ഞെടുക്കാൻ ജീവനക്കാർക്ക് അവസരം നൽകും. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്രത്തിൽ യുപിഎസ് പ്രാബല്യത്തിൽ വന്നത്. അതിൽ പങ്കാളിത്തം ഇതുവരെയായി അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ്. കേന്ദ്ര പെൻഷൻ പദ്ധതിയുടെ പോരായ്മകള്‍ ഇല്ലാത്ത വിധമാകും കേരളം പദ്ധതി നടപ്പാക്കുക എന്നാണ് വിവരം. ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയും മാർച്ചിൽ തന്നെ കിട്ടും വിധം ശമ്പള പരിഷ്കരണത്തിനുള്ള നടപടികളും ബജറ്റിൽ പ്രഖ്യാപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam